Powered By Blogger

2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

വെന്മേനാടിന്റെ സ്വന്തം കുമാരേട്ടന്‍

" ഡും ...ഡും "
വളരെ സന്തോഷത്തോടെ ഉത്സവ പറമ്പിലോട്ടു കാലെടുത്തു വെയ്ക്കുന്ന സമത്താണ് പെട്ടെന്ന് കതിന പൊട്ടുക . അപ്രതീക്ഷിതമായി കേട്ട ആ ശബ്ദത്തില്‍ നാമൊന്നു പതറാതിരിക്കില്ല .
ഇത് കുമാരേട്ടന്‍ , താമി കുമാരന്‍ എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടിലുള്ള (വെന്മേനാട്) ഒരുവിധം എല്ലാവരും അറിയും . വയസ്സ് 65 കഴിഞ്ഞു . ഇന്നും ചുറു ചുറുക്കോടെ ഉത്സവ പറമ്പുകളില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക്  കതിനയുടെ ശബ്ദത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും . വിഷുവിനും , പെരുന്നാളിനും പടക്കം പൊട്ടിക്കുന്ന പോലെ കതിനയും ഉത്സവത്തിനു ഇടയ്ക്കിടയ്ക്ക് പൊട്ടിക്കാമെന്നായിരുന്നു ഞാനാദ്യമൊക്കെ വിചാരിച്ചിരുന്നത് . എന്നാല്‍ കഴിഞ്ഞ വെക്കേഷന്‍ സമയത്ത് മൂക്കോല ഉത്സവത്തിനു പോയപ്പോള്‍ കുമാരേട്ടന്റെ അടുത്ത് പോയി സംശയം ചോദിച്ചു .വാദ്യത്തിന്റെ താളമുറുക്കത്തിനു അനുസരിച്ചാണ് കതിന പൊട്ടിക്കുക്ക എന്ന് കുമാരേട്ടന്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ എനിക്കതൊരു പുതിയ അറിവായിരുന്നു . പലപ്പോഴും ഉത്സവത്തിനു പുള്ളിക്കാരന്‍ കതിനയില്‍ മരുന്ന് നിറക്കുന്നതും, അത് പൊട്ടിക്കുന്നതും നോക്കി നിന്നിട്ടുണ്ട് . ഈ മേഖലയിലോട്ടു ഇന്നാരും കടന്നു വരുന്നില്ല .എന്തിനു വാദ്യം പോലും ഇന്നാര്‍ക്കും കേള്‍ക്കാന്‍ താല്പര്യമില്ല . എല്ലാവരും ശിങ്കാരി മേളത്തിന്റെ പിറകെയാണെന്നും പറഞ്ഞു കുറെ നേരം ആ ചൂട്ടും വീശിപ്പിടിച്ചു  എന്നോട് സംസാരിച്ചു . വാദ്യം അറിയുന്നവനു മാത്രമേ ഈ ജോലി ചെയ്യാന്‍ പറ്റൂ .ഉത്സവ സീസന്‍ ആയിക്കഴിഞ്ഞാല്‍ ചെണ്ടകൊട്ട് , കതിന പൊട്ടിക്കല്‍ തുടങ്ങിയ ജോലിക്ക് പോകും അല്ലാത്തപ്പോള്‍ പുര മേയാന്‍ പോകും . ജീവിക്കേണ്ട മോനെ ..? എളുപ്പമില്ല ഈ മരുന്നും , കതിനയും താങ്ങി നടക്കാന്‍ ........
ഇതെല്ലാം പറഞ്ഞു വളരെ ലാഘവത്തോടെ മരുന്ന് നിറച്ച കതിനയെടുത്ത് അദ്ദേഹം പോയി .......... അപ്പോഴേക്കും അവിടെ താളം മുറുകിയിരുന്നു .

2011 ജൂലൈ 18, തിങ്കളാഴ്‌ച

മതമേതായാലും മനുഷ്യനൊന്നാണ്

മനുഷ്യന്‍  നന്മ ചെയ്ത് ദൈവത്തില്‍  വിശ്വസിച്ചു ഭൂമിയില്‍ ജീവിക്കുന്നതിനു ഉണ്ടാക്കപ്പെട്ട ഒന്നാണ് മതങ്ങള്‍ . എന്നാല്‍ ഇതേ മതങ്ങളുടെ പേരില്‍ മനുഷ്യന്‍ ചേരി തിരിഞ്ഞു പരസ്പരം കൊന്നു കൊലവിളിക്കുന്നു . യഥാര്‍ഥത്തില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്  സ്നേഹത്തിന്റെ ഐക്യത്തിന്റെ കരുണയുടെ തത്വങ്ങളാണ്. നിന്നെപ്പോലെ,നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണം എന്ന് ക്രിസ്തുമതം പറയുമ്പോള്‍ നാം എന്ത് ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റുള്ളവര്‍ക്കും ലഭിക്കാന്‍ നാം പ്രാര്‍ഥിക്കണ’മെന്ന് ഹിന്ദുമതം പറയുന്നത് . ‘നിന്റെ ശത്രുവിന്റെ കഴുതയ്ക്ക് അസുഖം വന്നാല്‍ നീ അതിനെ ശുശ്രുഷിക്കണം’ എന്ന ഏറ്റവും വലിയ തത്ത്വമാണ് ഇസ്‍ലാം മതം പറഞ്ഞത് .  ഇവയില്‍ വാക്കുകള്‍ പലതായിരിക്കും. എന്നാല്‍ , തത്ത്വം ഒന്നു തന്നെയാണ്. സകലതിലും സ്ഥിതിചെയ്യുന്നത് ഒരേ ആത്മാവാണ്. സത്യത്തില്‍ എല്ലാ മതങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന അന്തസത്ത ഒന്നാണ് . മതങ്ങള്‍  തമ്മില്‍ പ്രത്യക്ഷമായിട്ടല്ലെങ്കിലും പരോക്ഷമായി പല പല സാമ്യങ്ങളും നമുക്ക്  ദര്‍ശിക്കാം . ഞാന്‍ മനസ്സിലാക്കിയിട്ടുള്ള ഹിന്ദു മുസ്ലീം മതങ്ങള്‍ തമ്മിലുള്ള ഐക്യവും സാമ്യവും ആണിവിടെ വിവരിക്കുന്നത്  .  മതങ്ങളുടെ വേലിക്കെട്ടുകള്‍ പൊളിച്ചു സഹോദര്യത്തിന്റെ  വഴിയിലൂടെ കൈപിടിച്ച് കൊണ്ടു പോകാനെനിക്ക് കഴിയില്ലെങ്കിലും അതിനുള്ളൊരു ശ്രമമാണിത് .
  • ഹിന്ദുക്കളും മുസ്ലീങ്ങളും നിശ്ചിത സമയങ്ങളില്‍ ക്രമപ്രകാരം ആരാധനാകര്‍മ്മം മുടങ്ങാതെ നിത്യേന ചെയ്തുവരുന്നു . ഇരുകൂട്ടരുടെയും പ്രാര്‍ത്ഥന വേളകളില്‍ പൊതുവായ ചില രീതികള്‍ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ് . സാഷ്ടാംഗ നമസ്കാരമാണ് ഞാന്‍ ഉദ്ദേശിക്കുന്നത് . ദൈവത്തിനു മുന്‍പില്‍ ശരീരത്തിന്റെ എട്ടു അംഗങ്ങളെ കൊണ്ടുള്ള പ്രണാമം .പാദം, കാല്‍മുട്ട് (ജാനു ), കരം , മാറിടം , ശിരസ്സ്‌ , നേത്രം , മനസ്സ് , വാക്ക് ഇവയാണ് അഷ്ടാംഗങ്ങള്‍ . ദണ്ട് പോലെ വീണു നമസ്കരിക്കുക്ക അതാണ്‌ ഹൈന്ദവ രീതി . പക്ഷെ സ്ത്രീകള്‍ക്ക് പഞ്ചാംഗ നമസ്കാരമാണ് വിധിച്ചിട്ടുള്ളതെന്ന് കാണുന്നു . രണ്ടു കൈകള്‍ , രണ്ടു കാലുകള്‍ , തല ഇവ തറയില്‍ മുട്ടത്തക്കവിധം നമസ്കരിക്കുകയെന്നതനു ദണ്ട നമസ്കാരം . അഷ്ടാംഗങ്ങളെ കുറിച്ചു മറ്റൊരു വിവരണമുണ്ട് . കൈകള്‍ , കാല്‍മുട്ട് , തോളുകള്‍ , നെഞ്ചു , നെറ്റി ഇവയാണ് എട്ടംഗങ്ങള്‍ . മുസ്ലീംകളുടെ പ്രാര്‍ത്ഥനയില്‍ അഷ്ടാംഗ പ്രണാമമുണ്ട്. അത് മേലെ വിവരിച്ച പഞ്ചാംഗ നമസ്കാരത്തിന്റെ രൂപത്തിലാണ് . അതിലെ അഷ്ടാംഗങ്ങള്‍ ഇവയാണ് : രണ്ടു പാദങ്ങളുടെയും തള്ളവിരലിന്റെ പള്ള , രണ്ടു കാല്‍ മുട്ടുകള്‍ , രണ്ടു മുന്കയ്യുടെ ഉള്‍ഭാഗം , നെറ്റി , മൂക്ക് . ചിലപ്പോള്‍ നെറ്റി , മൂക്ക് എന്നിവയെ ചേര്‍ത്ത് മുഖമെന്ന്‍ വര്‍ണ്ണിച് സപ്താംഗ പ്രണാമം (സുജൂദ് ) എന്ന്‍ ചിലര്‍ സൂചിപ്പിക്കാറുണ്ട് . എങ്ങനെ വര്ന്നിചാലും ദൈവത്തിന്റെ മുന്‍പില്‍ ദാസ്യഭാവം സമ്മതിച്ചു കൊണ്ടുള്ള ഈ അടിപണിയല്‍ ഇരു സമുദായക്കാര്‍ക്കും നിശ്ചയിച്ചിട്ടുള്ളതാണ്
  • അത്യധികം ആശ്ച്ചര്യകരങ്ങളും അതേസമയം അതീവ ഗൌരവതരങ്ങളുമായ മറ്റു ചില സാമ്യതകള്‍ കൂടി പറയാം . ഇരു സമുദായങ്ങളുടെയും ആരാധനാ രൂപങ്ങളുടെ ആവിഷ്കര്ത്താവ് ഒന്ന് തന്നെയെന്നു സഷിരക്കമ്പം സമ്മതിക്കാന്‍ നാം നിര്‍ബന്ധിതയായിത്തീരുന്നു . ക്ഷേത്ര പ്രദക്ഷിണം ഹൈന്ദവാരാധാനയുടെ ഒരു സാമാന്യരൂപമാണ് . മുസ്ലീകള്‍ പള്ളികള്‍ പ്രദക്ഷിണം ചെയ്യാറില്ലെങ്കിലും അവരുടെ പ്രധാന മതാനുഷ്ടാനമായ ഹജ്ജു വേളയില്‍ മക്കത്തുള്ള ആരാധനാലയം പ്രദക്ഷിണം ചെയ്യേണ്ടത് അനുപേക്ഷണീയമായ ഒരു കര്‍മ്മമാണ്‌ . "ത്വവാഫ് " എന്നാണു അതിനു പറയുക . ഇതിനോടനുബന്ധപ്പെടുത്തി ഒരു കാര്യം പറയട്ടെ . ദേവാലയങ്ങളെ പ്രദക്ഷിണം ചെയ്യുക എന്നതാണ് ആചാരം . ഗണപതിക്ക് ഒന്നും സൂര്യന് രണ്ടും ശിവന് മൂന്നും വിഷ്ണുവിനും ശാസ്താവിനു നാലും സുബ്രഹ്മണ്യന് അഞ്ചും ഭഗവതിക്ക് ആറും അരയാലിനു ഏഴും പ്രദക്ഷിണം വെക്കണം .

  • ശബരിമല , പളനി മുതലായ ക്ഷേത്രങ്ങളില്‍ ദര്‍ശനം കഴിച്ച് ഹിന്ദു സഹോദരര്‍   തല മുണ്ഡനം ചെയ്യാറുണ്ട് . ക്ഷേത്ര സന്നിധിയില്‍ മുണ്ഡനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ഭക്ത ജനങ്ങള്‍ തങ്ങളുടെ ശിരോപരിതത്തില്‍ ഒരു ചെറിയ ഭാഗം ക്ഷൌരം ചെയ്യിക്കുന്നു .  പിന്നീട് ക്ഷേത്ര പരിസരങ്ങളില്‍ അത് പൂര്‍ത്തിയാക്കുന്നു . മക്കത്ത് ഹജ്ജ് കര്‍മ്മം പൂര്‍ത്തീകരിക്കുന്നത് തലമുണ്ഡനം ചെയ്തു കൊണ്ടോ തലമുടി മുറിച്ചു കൊണ്ടോ ആണ് . മുടിമുറിച്ച് കഴിഞ്ഞാല്‍ ആ വ്യക്തി ഹജ്ജു കര്‍മ്മത്തില്‍ നിന്നു വിരമിച്ചു എന്നര്‍ത്ഥം . മുടി കളയല്‍ നിര്‍ബന്ധമാണ്‌ .

  • ഉപനയനം കഴിഞ്ഞ ബ്രാഹ്മണന്‍ പൂണൂല്‍ ധരിക്കുന്നു . ആ നൂല്‍ ശരീരത്തില്‍ ഒരു പ്രത്യേക രീതിയിലാണല്ലോ ധരിക്കുന്നത് . ഉപനയനം കഴിയുന്നതോടു കൂടി ബ്രാഹ്മണര്‍ക്ക് ധാര്‍മ്മിക ജീവിതനിഷ്ട ( ദൈനം ദിനാനുഷ്ടാനങ്ങള്‍ ) നിര്‍ബന്ധമായിത്തീരുന്നു . അത് ബ്രാഹ്മണന്റെ രണ്ടാം ജന്മമാണ് . ഉപനയതോടെ ബ്രാഹ്മണന്‍ "ദ്വിജ " നായിത്തീരുന്നു . ഹജ്ജു വേളയില്‍ രണ്ടു വസ്ത്രമാണ് കല്പ്പിചിട്ടുള്ളത്. ഒന്ന് ഉടുക്കാനും മറ്റൊന്ന് മേല്‍മുണ്ടും . മേല്‍മുണ്ട്‌ ധരിക്കുന്നതെങ്ങിനെയാണ് ..? ബ്രാഹ്മണന്‍ പൂണൂല്‍ കെട്ടുന്ന പോലെ ..ഇതിനു " ഇള്‍ത്തി ബാഹ് " എന്ന്‍ പറയുന്നു . ഹജ്ജു ചെയ്യുന്നതോട് കൂടി ആ വ്യക്തിയുടെ അത് വരെയുള്ള എല്ലാ പാപങ്ങളും നശിച്ചുവെന്നും പിറന്നു വീണ പൈതലിന്റെ ആത്മശുദ്ധി അയാള്‍ക്ക്‌ കൈവരുന്നു എന്നുമാണ് ഇസ്ലാമിക പ്രമാണം . അതായത് ആ ഹാജിമാരുടെ രണ്ടാം ജന്മം തുടങ്ങിയെന്നര്തം . മുസല്‍മാന്റെ ഉപനയനമാണ് ഹജ്ജു എന്ന് പറയാം .

  • പിന്നെ ഇരു സമുദായത്തിനും ബലി കര്‍മ്മമുണ്ട്. യാഗയാക്ഞാടികളില്‍ മൃഗങ്ങളെ ബലിയര്‍പ്പിക്കണം . ആ മൃഗങ്ങളുടെ മാംസം മനുഷ്യര്‍ക്ക്‌ ആഹാരമാണ് . ഹജ്ജിന്റെ ഭാഗമായി ബലി നടത്തേണ്ടതുണ്ട് . ബലി പെരുന്നാള്‍ ദിനത്തില്‍ സര്‍വ്വ ലോക മുസ്ലീംകള്‍ ബലി നടത്തുന്നു . മാംസം ഭക്ഷണ ആവശ്യാര്‍ത്ഥം വിതരണം ചെയ്യപ്പെടുന്നു .

  • ഹൈന്ദവര്‍ ആരാധനായലങ്ങളിലെക്ക് പോകുമ്പോള്‍ സംഘമായി ഒരു മുദ്രാവാക്യം വിളിക്കാറുണ്ട് . ദേവീ ക്ഷേത്രതിലോട്ട് പോകുന്നവര്‍ "ദേവ്യേ ശരണം " എന്ന് വിളിക്കുന്നു . ശബരിമലയിലേക്ക് പോകുന്നവര്‍ "സ്വാമ്യേ - ശരണമയ്യപ്പാ " എന്നുല്‍ഘോഷിക്കുന്നു. ചില ക്ഷേത്രങ്ങലേക്ക്  "ഗോവിന്ദാ " എന്ന് വിളിച്ചു കൊണ്ടാണ് പ്രവേശിക്കുന്നത് . ഇത് പോലെ ഹജ്ജു കര്‍മ്മത്തിന്റെ പ്രധാനമായ അറഫാ സംഗമത്തിലെക്ക് തീര്‍ഥാടകര്‍ ഒരു മുദ്രാവാക്യം മുഴക്കുന്നുണ്ട്
                "ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്
                 ലബ്ബൈക്കലാ ശരീക്ക ലക്ക് ലബ്ബൈക്ക് "

  • ഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ വസ്ത്രധാരണ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട് . മുണ്ട് മാത്രമല്ലാതെ മറ്റൊന്നും ശരീരത്തിലണിയെരുത് .  ഹജ്ജുവേളയില്‍ മുസ്ലീംകള്‍ മുണ്ടും മേല്‍മുണ്ടും മാത്രമേ ധരിക്കാവൂ ..ചെരിപ്പ് , ഷര്‍ട്ട്‌ , തലപ്പാവ് , തൊപ്പി ഇവയൊന്നും പാടില്ല .
 ഈ ദൃശസമാനതകള്‍ ചിന്തിക്കുന്ന ഹൃദയത്തെ ത്രസിപ്പികാതിരിക്കില്ല . ഒരേ ദീപത്തില്‍ നിന്നുള്ള പ്രകാശം പോലെ , ഒരേ ദൈവത്തിന്റെ അഭേദ്യവും അചഞ്ചലവും എകരൂപവുമായ അടിസ്ഥാന നിയമമാണിതെന്നു ആര്‍ക്കാണ്‌ നിഷേധിക്കാന്‍  കഴിയുക ? ഭാരതത്തില്‍ വന്നു മുഹമ്മദ്‌ ഇതെല്ലം കണ്ടു പഠിച്ചിട്ടാണോ തന്റെ അനുയായികള്‍ക്ക് പറഞ്ഞു കൊടുത്തത് ? അല്ല . ഒരു സംശയവുമില്ല തിരുമേനിക്ക് ദൈവത്തില്‍ നിന്നുണ്ടായ ആത്മീയ ചോതനം തന്നെ . മുഹമ്മദ്‌ നബിക്ക് ദിവ്യ ബോധനം നല്‍കിയ അതെ ദൈവം തന്നെയാണ് ഭാരതീയ ഗുരുഭൂതന്മാരായ ഋഷിപുംഗന്മാര്‍ക്കും ദിവ്യബോധനം നല്‍കിയത് എന്ന ഒരൊറ്റ അനുമാനത്തിലാണ് ബുദ്ധിയുള്ളവര്‍ ചെന്നെത്തുക .
 (നോട്ട് : മതമേതായാലും മനുഷ്യനോന്നാനെന്നുള്ള  ചിന്തകള്‍ ...നമ്മുടെ മനസ്സിനെ മദിചിരുന്നെങ്കില്‍ .... )

2011 ജൂൺ 8, ബുധനാഴ്‌ച

ഒരു സന്ധ്യാ നേരത്ത് അണഞ്ഞ ദീപം

ഈയിടെയായി ശരീരത്തിനു വല്ലാത്ത ക്ഷീണം . മനസ്സിന്റെ വിങ്ങല്‍ ശരീരത്തെയും
ബാധിച്ചു തുടങ്ങിയോ ..? ജീവിതത്തിലെ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണോ ..? ഇന്നലെ ഡോക്ടറുടെ സംസാരം കേട്ടപ്പോള്‍ അങ്ങിനെയാണ് തോന്നിയത് . ജയേട്ടന്റെ മുഖത്തും നിരാശയുടെ മിന്നലുകള്‍ കണ്ടു . എട്ടന് അമ്പതും  എനിക്ക് നാല്പത്തിരണ്ടും  വയസ്സായി . എന്നിട്ടും ഒരു കുഞ്ഞിനു വേണ്ടിയുള്ള മോഹം ശമിക്കുന്നില്ല . പ്രാര്‍ത്ഥിക്കൂ .....എന്ന ഡോക്ടറുടെ സംസാരത്തിലും എന്തോ ഒരു അപാകത . മരുന്നുകള്‍ ഫലിചില്ലെന്നോ ..?
വീട്ടിലേക്കുള്ള യാത്രയിലും ജയേട്ടന്‍ ഒന്നും സംസാരിച്ചില്ല . എന്നുമില്ലാത്ത സ്പീടിലായിരുന്നു വണ്ടി ഓടിച്ചതും .ഞാന്‍  നിര്‍വ്വികാരിയായി  പുറത്തേക്കു നോക്കിയിരുന്നു . റോഡരികിലൂടെ കുഞ്ഞിനേയും മാറത്തടക്കി സാവധാനം നടന്നു പോകുന്ന സ്ത്രീയെ കണ്ടപ്പോള്‍ എന്തോ ..അറിയാതെ കണ്ണ് നിറഞ്ഞുപോയി . സ്കൂളിലെ ജോലി കൂടി ഇല്ലായിരുന്നെങ്കില്‍ പണ്ടേ ഭ്രാന്തു പിടിച്ചേനെ ...! ഒരു കുഞ്ഞിനെ താലോലിക്കാനുള്ള ഈ മനസ്സാകാം ..കുട്ടികള്‍ക്ക് ഞാന്‍ പ്രിയപ്പെട്ട ടീച്ചരായത് .
"നമുക്കെന്തിനാ ഹിമേ കുട്ടികള്‍ ..? എന്റെ കുട്ടി നീയും ...നിന്റെ കുട്ടി ഞാനുമല്ലേ " ..? പലപ്പോഴും അങ്ങിനെ പറഞ്ഞു മനസ്സിലെ സങ്കടങ്ങള്‍ കഴുകിക്കളയുന്ന എപ്പോഴും  ഊര്‍ജ്ജസ്വലതയോടെ മാത്രം സംസാരിക്കുന്ന ജയേട്ടന്‍ അകലേക്ക്‌ നോക്കി വണ്ടി ഓടിക്കുന്നു ....ചേട്ടന്റെ മനസ്സിലും  പ്രതീക്ഷയുടെ നാളങ്ങള്‍ കെട്ടു പോയോ ..? അതാണോ ഈ മൌനം ..?
വീടെത്തിയതറിഞ്ഞില്ല ...പതിവ് പോലെ ജയേട്ടന്‍ ടി വി യുടെ മുന്നിലേക്കും ഞാന്‍ പുസ്തകങ്ങളുടെ ലോകത്തേക്കും ....
ഉറക്കം വന്നു തുടങ്ങിയപ്പോഴാണ് സമയം പോയതറിഞ്ഞത്.
എല്ലാം കഴിഞ്ഞു കിടക്കാന്‍ വന്നപ്പോഴും ക്ഷീണം വിട്ടുമാറുന്നില്ല .  മനസ്സിപ്പോഴും  ഒരു താരാട്ട് പാട്ട് പാടാന്‍ കൊതിക്കുന്നു .
" എത്ര നാളായി പറയുന്നു ...സഹായത്തിനു ഒരു സ്ത്രീയെ കൊണ്ടു തരാന്‍ . ഈ വലിയ വീട് വ്യത്തിയാക്കാനും മറ്റു ജോലികളും , സ്കൂളും , യാത്രയും എല്ലാം കൂടി പറ്റുന്നില്ല ജയെട്ടാ ... എന്റെ മനസ്സ് മാത്രമല്ല ശരീരവും തളര്‍ന്നു തുടങ്ങി ".
 എന്താ ഹിമേ ഇത്  ..? നിനക്ക് ഒണ്‍ലി ട്വെന്റി ഫൈവ് ...എന്നിട്ടും .......
കളിയാക്കാതെ  ജയെട്ടാ ...ഈയിടെയായി തീരെ വയ്യ .
എട്ടനത് ഗൌരവത്തിലെടുതെന്നു തോന്നുന്നു ...
പിറ്റേന്ന് ഓഫീസില്‍ നിന്നു നേരത്തെ വന്നു . "ഹിമേ..., നാളെ മുതല്‍ നിനക്ക് സഹായത്തിനൊരു സ്ത്രീ വരാന്നേറ്റിട്ടുണ്ട് . അവരുടെ മകള്‍ക്ക് എന്തോ അസുഖമാണ് പോലും . അതിനെ ചികിത്സിക്കാന്‍ പണം വേണം .പ്യൂണ്‍  ശശിയാ എല്ലാം ശരിയാക്കിയത് . ശമ്പളം കൂടാതെ അവര്‍ക്കെന്തിങ്കിലും കൂടുതല്‍ കൊടുക്കണം . അത് പ്രത്യേകം പറയേണ്ടല്ലോ ..? നീ ദാനശീലയല്ലേ ... പിന്നെ മോളെ ,കാപ്പി ഫ്ലാസ്കിലുണ്ട് കേട്ടോ ."
"ഓ ..ഇന്ന് കാക്ക മലര്‍ന്നു പറക്കും . എനിക്കുള്ള കാപ്പിയും ഉണ്ടാക്കിയോ ..? "
കാക്ക പറന്നാലും... സാരല്ല്യ . നീ പറന്നു പോകാതിരുന്നാല്‍ മതി
ദേ ..ജയെട്ടാ ........
നാളെ മുതല്‍ ആ ജോലിക്കാരി  ഉണ്ടല്ലോ ....ഇനി വായക്കു രുചിയുള്ള വല്ലതും കഴിക്കാം ..
അല്ലേ ഹിമേ ..?
പിന്നേ..എട്ടനെക്കാള്‍ മുന്‍പേ പോകുന്ന വയറു ആരു കണ്ടാലും പറയും ..ഇത്രനാളും വായക്കു രുചിയുള്ളതല്ല കഴിചിരുന്നതെന്ന് ...
ഒന്ന് പതുക്കെ ചിരിക്കെന്റെട്ടാ ...വയറു  കുലുക്കിയുള്ള ചിരി കണ്ടപ്പോള്‍ ..കുറെ നാളുകള്‍ക്കു ശേഷം ഞാനും മനസ്സറിഞ്ഞു  അറിയാതെ ചിരിച്ചു പോയി ....
ആ ജോലിക്കാരിയുടെ ഭര്‍ത്താവ് രണ്ടുമാസം മുന്‍പ് ആക്സിടന്റില്‍ മരണപ്പെട്ടു പോയെന്നാ ശശി  പറഞ്ഞത് . പാവങ്ങളാ ..
അത് കേട്ടപ്പോള്‍ വല്ലാത്ത ദുഖം തോന്നി . എന്തായാലും വരട്ടെ ...എന്തെങ്കിലും സഹായം നമുക്ക് ചെയ്യാം . ഇതൊക്കെയല്ലേ ജീവിതത്തില്‍ സംതൃപ്തി തരുന്ന കാര്യങ്ങള്‍ .അനുഭവിക്കാന്‍ ആരുമില്ലാത്ത ഈ സ്വത്തൊക്കെ ഇങ്ങനെ കൂട്ടിവെച്ചിട്ടെന്തു കാര്യം ..? അവരുടെ മകള്‍ രക്ഷപ്പെടുമെങ്കില്‍ അതല്ലേ പുണ്യം .
രാവിലെ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത് . ഡോര്‍ തുറന്നപ്പോള്‍ ഒരു സ്ത്രീയും മൂന്നു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞും . എവിടെയോ കണ്ടു മറന്ന മുഖം .
ഞാന്‍ രജനി ...ജോലിക്കായി ..വരാന്‍ പറഞ്ഞിരു .........അവര്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി .
വരൂ ...ഉദ്ദേശിച്ചതിലും  കൂടുതല്‍ പ്രായം തോന്നിക്കുന്നതിനാല്‍ ചോദിച്ചു .
"ഈ കുട്ടി ..? "
എന്റെ മോളുടെതാണ് ചേച്ചീ  ..... മോള്‍ക്ക്‌  ക്യാന്‍സര്‍ ആണെന്ന് അമല ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞന്നു കെട്ട്യോന്‍ വീട്ടില്‍ കൊണ്ടു വിട്ടതാ ..അവളെയും ഈ കുഞ്ഞിനേയും . പിന്നെയവന്‍ തിരിഞ്ഞു നോക്കിയിട്ടില്ല . എന്റെ തലവിധി ...!
നല്ല ഓമനത്തമുള്ള പെണ്‍കുട്ടി . അവളെന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു . അവളുടെ പഴകി നിറംകെട്ട ഉടുപ്പിലും മെലിഞ്ഞ ശരീരത്തിലും , പാറിപ്പറക്കുന്ന മുടിയിഴകളിലും ദാരിദ്രത്തിന്റെ നിഴലാട്ടം .
വളരെ വ്യത്തിയായും അടുക്കും ചിട്ടയോടും കൂടി  ജോലികളെല്ലാം തീര്‍ത്തു. ശനി , ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം വരെ നില്‍ക്കാമെന്നും പറഞ്ഞു അവര്‍ പോയി . കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോള്‍ ഞങ്ങളുമായി നന്നായി അടുത്തു. സോമേട്ടനും അവളെ ഒത്തിരി ഇഷ്ടായി . നിഷ്കളങ്കമായ ചിരിയും സംസാരവും വീട്ടില്‍ എല്ലായിടത്തും ഓടി നടക്കാനുള്ള സ്വാതന്ത്രവും അവള്‍ സ്ഥാപിച്ചെടുത്തു .
സ്കൂളിനടുത്തുള്ള കടയില്‍ നിന്നു അവള്‍ക്കായ് ഉടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി . "ഇതാര്‍ക്ക് ദാനം കൊടുക്കാനാ ടീച്ചറെ" പരിചയമുള്ള ആ കടക്കാരന്റെ ചോദ്യത്തിനു അയാളെ തറപ്പിച്ചൊന്നു നോക്കിയതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല .
കളിപ്പാട്ടം കിട്ടിയപ്പോള്‍ മോളുടെ മുഖത്ത് നിലാവുദിച്ചു . " ഈ ഉടുപ്പെല്ലാം എനിക്കാണോ അമ്മേ " ..? അമ്മേ എന്നുള്ള ആ വിളി കേട്ടപ്പോള്‍ ശരീരം കോരിത്തരിച്ചു പോയി .
അങ്ങോട്ട്‌ വന്ന രജനി എന്നോടായി .."അവളെല്ലാരേം അമ്മെന്നാ വിളിക്കുക . "
ദൈവമേ ഇങ്ങനെ വിളിക്കാന്‍ ഞങ്ങള്‍ക്ക് നീയൊരു മോളെ തന്നില്ലല്ലോ ..?
ജയേട്ടന്‍ മിഠായിയും ബിസ്കറ്റുകളും  മോള്‍ക്കായി വാങ്ങിക്കൊണ്ടുവരും .പിന്നേ  അവളോടൊത്താ  കളിയും ചിരിയും . വീടിനൊരു ഉണര്‍വ്വ് വന്നു . വീട്ടിലെ ഒരംഗത്തെപ്പോലെയായി അവള്‍ . ഇതെല്ലാം കാണുമ്പോള്‍ മാറി നിന്നു ഞാന്‍ കണ്ണ് തുടയ്ക്കും .
ദിവസങ്ങള്‍ എത്ര വേഗമാണ് പൊയ്ക്കൊണ്ടിരുന്നത് . പ്രതീക്ഷിച്ചതിലും വലിയൊരു തുക കയ്യില്‍ വെച്ചു കൊടുത്തപ്പോള്‍ രജനിയുടെ കണ്ണു നിറഞ്ഞു . " മോളെ കൊണ്ടു പോയി നല്ലൊരു
ഡോക്ടറെ കാണിക്കൂ  ..."
"ചേച്ചീ ...ഇനി ഏറിയാല്‍ ആറുമാസം കൂടിയേ എന്റെ മോള്‍ ...."ഗദ്ഗദം വാക്കുകളെ വിഴുങ്ങി .കൂടെ രണ്ടിറ്റു കണ്ണുനീരും അടര്‍ന്നു വീണു .
"കരയാതെ ...ദുഖങ്ങളും ദുരന്തങ്ങളും ജീവിതത്തില്‍ ഇല്ലാത്തവര്‍ ആരുമില്ല ...എല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങള്‍   . എല്ലാം ദൈവത്തില്‍ അര്‍പ്പിക്കൂ .....ശരിയാകും "
ചേച്ചിയെ കുറിച്ച് കുഞ്ഞ് പറയുന്നത് കേട്ടു .. കാണണമെന്ന് മോളെപ്പോഴും പറയും ...ഒരു ദിവസം ഞാനിങ്ങോട്ട്‌ കൊണ്ടുവരാം അവളെ .....
വേണ്ട ....ഞാനങ്ങു വന്നു കണ്ടോളാം ...
പാവം രജനി . പേര് പോലെ അവളുടെ ജീവിതവും ഇരുട്ട് നിറഞ്ഞതായല്ലോ. സ്കൂളിലെ പരീക്ഷയുടെ തിരക്കുകള്‍ക്കിടയിലും രജനിയുടെ ദയനീയ മുഖം മനസ്സില്‍ നീറ്റലുണ്ടാക്കി .
എന്തോ മൂന്നാല് ദിവസമായി ജോലിക്കാരിയെ കാണാനില്ല . എനിക്കാണെങ്കില്‍ മോളെ കാണാതെ എന്തോ വല്ലായ്മ പോലെ ..
മോള്‍ക്ക്‌ അസുഖം ഇത്തിരി കൂടി അതാ മൂന്നു ദിവസം വരാതിരുന്നതെന്ന അവരുടെ ദയനീയമായ  മറുപടിക്ക് ഞാന്‍ കുഞ്ഞിനെ എടുത്തു മാറോടു ചേര്‍ത്തു.
ചേച്ചീ ..കുറച്ചു രൂപ വേണം ..... മോളെ നല്ലൊരു ഡോക്ടറെ കാണിക്കാനാ ....
പിറ്റേന്ന് ..ക്ലാസ് വിട്ട ഉടന്‍  ജോലിക്കാരി രജനിയുടെ വീട്ടിലോട്ടു പോയി ...
വീടുകണ്ടപ്പോഴേ അവരുടെ വിഷമതകള്‍ എനിക്ക്  ബോധ്യപ്പെട്ടു ...
രജനിയില്ലേ ഇവിടെ ..?
ആരാ ..?
അകത്തു നിന്നുള്ള ആ പതറിയ ശബ്ദം ആരുടെതെന്ന്  ഞാന്‍ ഊഹിച്ചു  ..ഹായ് അമ്മേം അച്ഛനും എന്നും പറഞ്ഞു മോള്‍ എന്റെടുത്തെക്ക് ഒരു ചിത്രശലഭത്തെ പോലെ പാറി  വന്നു .
അകത്തേക്ക് കടന്നു ചെന്നപ്പോള്‍ കട്ടിലില്‍ കിടന്നിരുന്ന ഒരു പേക്കോലം എനിക്ക് നേരെ തിരിഞ്ഞു . ക്യാന്‍സര്‍ കാര്‍ന്നു തിന്നു, മുടിയെല്ലാം കൊഴിഞ്ഞു എല്ലും തോലുമായ ആ ശരീരം കണ്ടു വേദന തോന്നി . എന്നാലും അടുത്തിരുന്നു അസുഖത്തെ കുറിച്ചും ട്രീറ്റ്മെന്റിനെ കുറിച്ചുമൊക്കെ ചോദിച്ചു . പ്രതീക്ഷ അസ്തമിച്ച മറുപടിയും മൂളലുമായിരുന്നു  കിട്ടിയത് . മോളപ്പോഴും ഞങ്ങള്‍ കൊടുത്ത 'മില്കിബാര്‍' കിട്ടിയ സന്തോഷത്തില്‍ അവിടെ ഓടി നടക്കുകയാണ് . എന്തോ വല്ലാത്തോരാത്മ ബന്ധം ഞങ്ങള്‍ക്കുണ്ടായി .
അമ്മ എവിടെ പോയതാ ..?
തെക്കേലെ മൌതുക്കാടെ വീട്ടീക്ക് പോയിരിക്ക്യാ ..കുറച്ചു ഓല മൊടഞ്ഞു കൊടുക്കാനുണ്ടേ...ഇപ്പോള്‍ വരും
മോളെ ഞാന്‍ എന്റെ സ്കൂളില്‍ ചേര്‍ത്തട്ടെ ..? ദിവസവും ഞാന്‍ കൊണ്ടരേം കൊണ്ടോകേം ചെയ്തോളാം . അവളെന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു . ഹിമേ ....എന്നും നിന്റെ ഔദാര്യം പറ്റാന്‍ ആണല്ലോ എന്റെ വിധി .... !
ദൈവമേ ....  സന്ധ്യയല്ലേ ഇത് ..? എന്റെ കൂടെ പഠിച്ചിരുന്ന , ഒരു  പാത്രത്തില്‍ നിന്നു ഭക്ഷണം കഴിച്ചിരുന്ന  എന്റെ സന്ധ്യ . ക്ലാസില്‍ ഒരു സന്ധ്യാദീപം പോലെ പ്രകാശിച്ചിരുന്ന അവളെ മനസ്സിലായപ്പോള്‍ ഞാനാ കട്ടിലിലേക്ക് ചാഞ്ഞു .
ഞങ്ങള്‍ പരസ്പരം  കെട്ടിപ്പിടിച്ചു പൊട്ടിപ്പൊട്ടി കരയാന്‍ തുടങ്ങി . എന്നെ അസൂയപ്പെടുതിയിരുന്ന മുട്ടോളം മുടിയുണ്ടായിരുന്ന സ്ഥാനത്ത്   ഇന്ന് പേരിനു ഒരു മുടി പോലുമില്ല . ആ  തലയില്‍  തലോടുന്തോറും എന്റെ സങ്കടം വിങ്ങിപ്പൊട്ടി . 
എനിക്ക് നിന്നെ മനസ്സിലാകാതെ പോയല്ലോ മോളെ  ...
എന്നെ മനസ്സിലായിട്ടും നീ എന്താ .......
ഹിമേ ...ഇനിയും നിന്നെ ബുദ്ധിമുട്ടിക്കേണ്ടന്നു വെച്ചാ...അതെനിക്ക് ഇഷ്ടല്ല ...
എന്നാലും സന്ധ്യാ ...നീയെന്നെ മനസ്സിലാക്കിയില്ലല്ലോ ...
മണിക്കൂറുകളോളം സംസാരിച്ചതിന് ശേഷം തിരിച്ചു പോരുമ്പോള്‍ , അവളുടെ എതിര്‍പ്പ് വകവെക്കാതെ കുറച്ചു നോട്ടുകള്‍ അവളുടെ കയ്യില്‍ വെച്ചു കൊടുക്കാനും മറന്നില്ല ..

ദിവസങ്ങള്‍ എത്ര പെട്ടെന്നാ ഓടിയോളിക്കുന്നത് .. മോളെ പഠിപ്പിക്കാനും ഒരുക്കാനും കൊഞ്ചിക്കാനും സമയം തികയാത്ത പോലെ ..
വൈകീട്ട് ജയേട്ടന്‍ നേരത്തെ വന്നു .....ഹിമേ ...പെട്ടെന്ന് റെഡിയാവ് . നിന്റെ സന്ധ്യാടെ വീട്ടില്‍ പോകണം  . അവള്‍ക്കു പനി കൂടുതലാണെന്നോ മരിച്ചെന്നോ മറ്റോ.... ശശി  ഇപ്പോഴാ വിളിച്ചു പറഞ്ഞത് .
കേട്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം ഞാന്‍ അവിടെ തരിച്ചു  നിന്നു പോയി .

അപ്പോഴാണ്‌ പുഞ്ചിരിച്ചു കൊണ്ടു തന്റെ ബെഡ്ഡില്‍ കിടന്നുറങ്ങുന്ന മോളെ ജയേട്ടന്‍ കാണുന്നത്  . എന്താ ഹിമാ ഇത് ..? മരണം എല്ലാവര്ക്കും ഉള്ളതല്ലേ ..? വേദന തിന്നുന്നതിന് മുന്‍പേ അവളെ ദൈവം തിരിച്ചു വിളിച്ചല്ലോ എന്ന് കരുതി സമാധാനിക്കൂ .. നീ വേഗം ഡ്രെസ്സുമാറി മോളെയുടുത്തുവാ..
കത്തുന്ന ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും മണം, വെള്ള പുതച്ച  സന്ധ്യയുടെ മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി . പാറിപ്പറന്ന മുടിയുമായി എന്നും ക്ലാസില്‍ വൈകി വരാറുള്ള , കണക്കില്‍ അമ്പതില്‍ അമ്പത് വാങ്ങുന്ന , പാട്ട് പാടുന്ന , തന്നോടുമാത്രം കൂട്ടുകൂടിയിരുന്ന  അവളോടെനിക്ക് സ്നേഹവും സഹതാപവുമായിരുന്നു . എന്നാലും ഒരു വാക്ക് മിണ്ടാതെ നീ പോയല്ലോ എന്റെ കൂട്ടുകാരീ ....
ഒന്നുമറിയാതെ മോളപ്പോഴും എന്റെ തോളില്‍ കിടന്നു നല്ല ഉറക്കമായിരുന്നു .

2011 മേയ് 29, ഞായറാഴ്‌ച

ഷാനിയുടെ പോരാട്ടം







  ജിമ്മിൽ നിന്നിറങ്ങുമ്പോൾ കുറച്ച് ലേറ്റായിരുന്നു. സൈലന്‍റ് മോഡില്‍ ആയിരുന്ന ഫോൺ ഓണ്‍ ചെയ്തു നോക്കി.16 മിസ്സ്ഡ് കോൾസ്  ഉണ്ട്. അതിൽ  ഏറെയും വീട്ടിൽ നിന്നാണ്. ബാക്കി ക്ലിനിക്കിൽ നിന്നുള്ളതും. ആകെ വിയർത്തിട്ടാണുള്ളത്. ഫ്ലാറ്റിൽ പോയി ഫ്രഷായി വല്ലതും കഴിച്ചിട്ട് വേണം ക്ലിനിക്കിലേക്ക് പോകാൻ... 

പിന്നേയും ഫോൺ റിങ്ങ് ചെയ്തു കൊണ്ടിരുന്നു. നോക്കുമ്പോൾ ഉപ്പയുടെ കോളാണ്. ഒരു നിമിഷം എന്തോ ആലോചിച്ചു നിന്ന് അറ്റന്റ് ചെയ്യാൻ നോക്കിയപ്പോഴേക്കും കോള്‍ കട്ടായി.
ഇനി ഫ്ലാറ്റിലേക്ക് ഒരു പത്ത് മിനിറ്റ് നടക്കേണ്ടതേയുള്ളൂ.. ആ നടത്തത്തിലുടനീളം കഴിഞ്ഞു പോയ ഇന്നലെകളിലെ എന്നെ തിരയുകയായിരുന്നു ഞാൻ. എത്ര പെട്ടെന്നാണ് ഞാൻ ആർക്കും ആരുമല്ലാതായത്.. അതേ ആളുകൾക്ക് തന്നെ ഇപ്പോൾ ഞാൻ വേണ്ടപ്പെട്ടവളായതെങ്ങനെയെന്ന് വെറുതേ ഒന്നോർത്തു പോയി....

പ്രതാപികളും പഴഞ്ചൻ ചിന്താഗതിക്കാരുമായ നാട്ടിലെ പേരുകേട്ട തറവാട്ടിലെ അഞ്ചാമന്റെ മൂത്ത മകൾ.. തറവാട്ടിലെ മറ്റു  പേരക്കുട്ടികളെല്ലാം ഒന്നടങ്കം വെളുത്തു തുടുത്ത് പൂവൻ പഴം പോലിരുന്നെങ്കിലും ഞാനെന്തുകൊണ്ടോ സപ്പോട്ടക്കളറായിരുന്നു. ചെറുപ്പം തൊട്ടേ തറവാട്ടിലെ അടുക്കളയിലടക്കം എന്റെ കറുപ്പും കല്യാണ കാര്യവും എന്നും ചർച്ചാ വിഷയമായി... 

അല്ലെങ്കിലും പെൺകുട്ടികളെ വളർത്തുന്നത് കെട്ടിക്കാനും കുട്ടികളെ പെറ്റുകൂടാനുമാണെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് മൂക്കത്തു വിരൽ വച്ചു രോദിക്കാൻ എന്റെ വെളുപ്പില്ലായ്മ ധാരാളമായിരുന്നു. അങ്ങനെ വെളുവെളുത്ത ഇത്താത്തമാരെല്ലാം പ്ലസ്ടു കഴിയലോടു കൂടി മറ്റേതൊക്കെയോ നാടുകളിലെ പ്രമാണിമാരുടെ മക്കൾക്ക് പുതുമാട്ടിമാരായി. ഇട്ടുമൂടാനുള്ള സ്വർണവും സ്വത്തു വകകളുമായി അവരുടെ ബാപ്പമാരും പിറകെ കൂടി...
   
എന്റെ പത്താംതരം റിസള്‍ട്ട് വരും മുന്നേ പലരും എനിക്ക് ചെക്കന്മാരെ തിരഞ്ഞു കൊണ്ടിരുന്നു. നിറം കുറഞ്ഞവരെ ആർക്കും ബോധിക്കില്ലെന്ന നാട്ടുകാരുടെയും കുടുംബത്തിലെ കാരണവന്മാരുടെയും ആഹ്വാനം വീട്ടുകാരും ശരിവച്ചു. പത്താംതരം നല്ല മാർക്കോടെ പാസ്സായിട്ടും ആർക്കും ഒട്ടും താല്പര്യമില്ലാതെ എന്റെ സ്വന്തം വാശിപ്പുറത്ത് ഞാൻ പ്ലസ് വൺ സയൻസിന് തന്നെ ജോയിൻ ചെയ്തു... 

അതിനിടയിൽ തറവാടിന്റെ പഴയ പ്രൗഢി തെല്ലൊന്ന് ക്ഷയിക്കുകയും ശേഷിച്ചവ മക്കളെല്ലാം വീതിച്ചെടുക്കുകയും ചെയ്തു. അതിനിടയിൽ ഇടിത്തീ പോലെ ഉപ്പയുടെ കച്ചവടം പൊളിയുകയും മാനസികമായി ഞങ്ങൾ വല്ലാതെ തളരുകയും ചെയ്തു. ഉപ്പയുടെ ആ ഒരവസ്ഥയിൽ നിന്നും കരകയറാൻ ഞങ്ങൾക്ക് കുറച്ച് സമയം വേണ്ടിവന്നു. അത്തരമൊരു സാഹചര്യത്തിൽ അന്നുവരെ ഉപ്പയെ സ്നേഹബഹുമാനങ്ങളോടെ കണ്ട് തങ്ങളുടെ സാമ്പത്തിക പ്രയാസങ്ങളും മക്കളുടെ കല്യാണാവശ്യങ്ങളും അറിയിക്കുകയും ഉള്ളതിലൊരു പങ്ക് പറ്റുകയും ചെയ്തിരുന്ന പലരും മുഖം തിരിച്ചു നടക്കുക പതിവായി...

ആത്മാഭിമാനിയായ ഉപ്പ ഏക സമ്പാദ്യമായി ബാക്കിയുണ്ടായിരുന്ന ആ ഇരുനില വീട് വിറ്റ് ശേഷിച്ച കട ബാധ്യതകളും തീർത്ത് ചെറുതെങ്കിലും സുന്ദരവും മനസമാധാനവും ഉള്ളൊരു വീട് ഞങ്ങളുടെ നാടിന് കുറച്ചകലെയായി വാങ്ങി. അങ്ങോട്ട് താമസവും മാറി. അപ്പോഴേക്കും രണ്ട് വർഷങ്ങൾ ശരവേഗത്തിൽ പാഞ്ഞുപോയിരുന്നു. എന്റെ പ്ലസ്ടു കഴിഞ്ഞു. ഇനി യാതൊരു കാരണവശാലും തുടർന്ന് പഠിപ്പിക്കരുതെന്ന് കാരണവന്മാർ ചട്ടംകെട്ടി.കല്യാണലോചനകൾ തകൃതിയായി നടന്നു...

ആന കിടന്നിടത്ത് ആനപ്പൂടയെങ്കിലും കാണുമെന്ന ധാരണയിൽ പല പ്രമാണിമാരും മക്കളുമായി കരാറുറപ്പിക്കാൻ വന്നെങ്കിലും നിലവിലെ സാമ്പത്തികാവസ്ഥ വിവരിക്കുമ്പോൾ അവർ മനഃപൂർവം പിന്മാറുക പതിവായി. സത്യത്തിൽ അതെനിക്ക് തെല്ലൊരാശ്വാസവുമായി..  

നിരാഹാരവും വാശിയും മുറുകെ പിടിച്ച് ഞാൻ വീണ്ടും പഠിപ്പിന്റെ വഴിയേ നടന്നു. വീട്ടുകാരെ എങ്ങനെയൊക്കെയോ സമ്മതിപ്പിച്ചു. കുടുംബത്തിൽ മുറുമുറുപ്പ് അധികരിച്ചു...

ഞാൻ ഡിഎംഎല്‍ടി ക്ക് ജോയിൻ ചെയ്തു.രണ്ട് വർഷത്തെ കോഴ്സ് ആയിരുന്നു. ആദ്യ വര്‍ഷംതുടങ്ങി പിന്നീടങ്ങോട്ട് ലാബും പ്രാക്ടിക്കലും തിയറി ക്ലാസും ഒക്കെയായി സുന്ദരമായൊരു കാലഘട്ടമായിരുന്നു. ആദ്യ വര്‍ഷം എക്സാമിന്റെ തിരക്കിനിടയിലാണ് ഉമ്മയുടെ അകന്ന ബന്ധത്തിൽ പെട്ടൊരാൾ എന്നെ കല്യാണമാലോചിച്ചു വരുന്നത്...

മൂപ്പർക്ക് പണ്ട് മുതലേ എന്നോട് വല്ലാത്തൊരിഷ്ടമാണെന്നും കല്യാണക്കാര്യം തീരുമാനിക്കാനായി ഗൾഫിൽ നിന്നും വന്നതാണെന്നും ആരൊക്കെയോ പറഞ്ഞറിഞ്ഞു. കേട്ടവർ കേട്ടവർ മൊത്തത്തിൽ പാടി പരത്തി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. എന്നോടാരും പക്ഷേ ഒന്നും ചോദിച്ചില്ല.. പറയാനൊരവസരം തന്നുമില്ല. കല്യാണം എന്റെയാണെന്നുള്ള പരിഗണന പോലും തരാതെ എല്ലാം വീട്ടുകാർ തമ്മിൽ എടിപിടീന്ന് തീരുമാനിച്ചുറപ്പിച്ചു...

എന്റേതായ ഒരാവശ്യം മാത്രം നടത്താമെന്ന് ഇരു വീട്ടുകാരും സമ്മതിച്ചു. ഒരു വർഷം കൂടി ബാക്കിനിൽക്കുന്ന എന്റെ പഠിത്തം മുഴുമിപ്പിക്കാമെന്ന്. അതും എന്നെ സംബന്ധിച്ച് വലിയൊരാശ്വാസം തന്നെയായിരുന്നു. മൂന്നാഴ്ചക്കുള്ളിൽ കല്യാണം നടന്നു. എങ്കിലും ആ പാവം പതിനേഴുകാരിയുടെ വിവാഹ സങ്കൽപ്പങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ആ ജീവിതം...

എന്തിനുമേതിനും തുടക്കത്തിലേ കുറ്റപ്പെടുത്തലും കളിയാക്കലും മാത്രമായപ്പോഴും ആ ഹൃദയം നുറുങ്ങുന്നത് കാലങ്ങളായി പ്രണയമായിരുന്നെന്ന് പറഞ്ഞവന് പോലും മനസ്സിലായില്ല..
വിവാഹം കഴിഞ്ഞ് തുടക്കത്തിലേ അവർ അംഗീകരിച്ച എന്റെ ആവശ്യം തിരസ്കരിക്കാൻ അവർ തിടുക്കം കൂട്ടി. ഇനി കൊറേ പഠിച്ചിട്ടെന്താന്നുള്ള മുടന്തൻ ന്യായങ്ങൾ അവർ നിരത്തിയെങ്കിലും വീട്ടുജോലികളെല്ലാം തീർത്ത് പോയാൽ മതിയെന്ന അവരുടെ കരാറിൽ ഒടുവിൽ ഞാൻ ഒപ്പുവച്ചു...

അങ്ങനെ ക്ലാസിനു പോയി തുടങ്ങി. ക്ലാസ്സിലേറെയും നേരം ഞാൻ ഉറങ്ങാനായി മാറ്റിവച്ചു. ആ സമയത്തൊക്കെയും എന്തിനെന്നറിയാതൊരു പേടി എന്നെ ചുറ്റിവരിഞ്ഞു കൊണ്ടിരുന്നു. മധുവിധു തീരും മുൻപേ പ്രവാസത്തിലേക്ക് ചേക്കേറിയ പ്രിയതമൻ പോലും വേണ്ടത്ര പരിഗണിക്കാത്തതിലുള്ള നോവ് പറഞ്ഞറിയിക്കുന്നതിലപ്പുറമായിരുന്നു...

പ്രസവിച്ചു കിടക്കുന്നവരുടെ മുതിർന്ന കുട്ടികളെ നോക്കലിൽ തുടങ്ങി തീരാത്ത വീട്ടുജോലികൾക്കിടയിലെ പഠിത്തം, ക്ലാസ്സ്‌, പ്രാക്ടിക്കൽസ്, അസൈന്‍മെന്‍റ്സ്  എല്ലാം കൂടി എനിക്ക് ഭ്രാന്തായി തുടങ്ങി. ഞാൻ ആ വീട്ടിൽ തികച്ചുമൊരു വേലക്കാരിയായി മാറി. എന്ത് ചെയ്താലും കുറ്റവും മുറുമുറുപ്പും പിന്നെ പിന്നേ അടിയും തൊഴിയുമായി മാറി. ജീവിതം വല്ലാതെ മടുത്തു പോയി.ഈ മടുപ്പിന്റെ കഥകൾ കണ്ണീരായി പറയുമ്പോഴും കളിയായി സ്വന്തം വീട്ടുകാർ പോലും കേട്ടു. പിന്നെ പിന്നേ കേൾക്കാൻ താല്പര്യമില്ലാതായി.. പറയാനും...

എങ്കിലും കേട്ടപ്പോഴെല്ലാം ജീവിതം ഇങ്ങനെയൊക്കെയാണെന്നും പെണ്ണായ് പിറന്നാൽ കുറെയേറെ സഹിക്കേം ക്ഷമിക്കേം വേണമെന്നും തുടങ്ങുന്ന പഴഞ്ചൻ ഡയലോഗുകളിൽ അവർ ആരെയോ ആശ്വസിപ്പിച്ചു.. പഠിത്തം പൂർത്തിയാക്കിയെങ്കിലും മെഡിക്കൽ  ഫീല്‍ഡിനെ മോശവൽക്കരിക്കുന്ന ഭർത്താവും കുടുംബവും ഒരിക്കലുമെന്നെ ജോലിക്കയാക്കില്ലെന്നുറപ്പിച്ചു പറഞ്ഞു. അവർക്ക് താൽപര്യമില്ലെങ്കിൽ പോവരുതെന്ന് എന്റെ വീട്ടുകാരും ഏറ്റുപാടി... 

ഇതൊന്നും പോരാത്തതിന് വീട്ടിലേക്ക് അയക്കാതിരിക്കുന്നതിലും ഏതു നേരവും എന്തെങ്കിലും പണി എടുപ്പിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിൽ കണക്കു പറയുന്നതിലും നിറവും സ്വർണവും കുറഞ്ഞെന്നതിന്റെ പേരിലും കേട്ടാൽ അറക്കുന്ന വാക്കുകൾ കൊണ്ട് ആക്രോശിക്കലും പതിവായി. പോവാനൊരിടമില്ലാതെ എന്നെ കേൾക്കാനൊരാളില്ലാതെ തളർന്നു പോയി ഞാൻ...

പല വട്ടം മരണം മുന്നിൽ വന്ന് പല്ലിളിച്ചു.ഭർത്താവിന് പോലും എന്നോടൊന്നും സംസാരിക്കാനില്ലെന്നതെന്നെ അതിശയിപ്പിച്ചു.. അയാൾക്കെന്നോട് ഒന്നും സംസാരിക്കാനില്ല. ഒരു നൂറു രൂപ പോലും എനിക്ക് തരാറില്ല . അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോലും കൊണ്ട് പോകാറില്ല...

തിരികെ വീട്ടിലേക്കും പോകാനാകാതെ എല്ലാവരെയും വെറുത്ത് വെറുത്ത് വെറുപ്പിന്റെ അങ്ങേയറ്റത്തെത്തിയ ആ കാലം ഇപ്പോഴും ഓർക്കാനൊരു ഭയമാണ്. അതിനിടയിൽ രണ്ട് വർഷത്തെ പ്രവാസം മതിയാക്കി ഭർത്താവ് നാട്ടിൽ സ്ഥിരമാക്കാൻ തീരുമാനിച്ചു. അവർക്ക് പക്ഷേ എന്തിനും ഏതിനും അവരുടെ ഉമ്മയുടെ തീരുമാനങ്ങളായിരുന്നു മുഖ്യം. എനിക്കൊരിക്കലും ഒരു മനുഷ്യനെന്ന പരിഗണന പോലും എവിടെയും കിട്ടിയില്ല. ഓരോ ബിസിനസ്സിന്റെയും വണ്ടിയുടെയും ആവശ്യങ്ങളും മറ്റും പറഞ്ഞു ഉപ്പ തന്ന സ്വർണങ്ങളെല്ലാം ഇതിനോടകം അവർ വിറ്റുതുലച്ചു...

പിന്നീട് ഞാൻ ഗർഭിണിയാകുന്നില്ലെന്ന പരാതി വ്യാപകമായി.അയാൾ വന്ന് മൂന്നു മാസം പിന്നിട്ടപ്പോഴേക്കും ഞാൻ 'മച്ചി' ആണെന്ന് പലരും മുദ്രകുത്തി. പിന്നീട് പലതരം ചികിത്സകളുടെ നാളുകളായിരുന്നു. സകല ടെസ്റ്റുകളും നടത്തിയെങ്കിലും എനിക്ക് കുഴപ്പമൊന്നും കണ്ടെത്താൻ ഡോക്ടർമാർക്കായില്ല. എങ്കിലും അവർ പലതരം മരുന്നുകൾ തുടരെ തുടരെ എഴുതാൻ മത്സരിച്ചു. ഒരു കുട്ടിയായാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്ന ചിലരുടെ ആശ്വാസവാക്കിൽ വിശ്വസിച്ചു വിഡ്ഢിയായ ഞാൻ എല്ലാം സഹിച്ചു. പല മരുന്നുകളും കഴിച്ചു തുടയിൽ പല വലിപ്പത്തിലുള്ള സിറിഞ്ചുകൾ പാടുകൾ തീർത്തു. ഒടുവിൽ എല്ലാവരുടെയും ആഗ്രഹം പോലെ ഞാൻ ഗർഭിണിയായി...

 മരിച്ചു ജീവിച്ച ഗർഭകാലവും വേദന തിന്ന് തീർത്ത സിസേറിയന് ശേഷമുള്ള ദിവസങ്ങളും ഉറങ്ങാത്ത കൈകുഞ്ഞും പോസ്റ്റ്പാര്‍ട്ടും ഡിപ്രെഷനും എല്ലാം കൂടെ വല്ലാതെയെന്നെ   തളർത്തിയപ്പോഴും ഒന്ന് ചേർത്തു പിടിക്കാൻ പോലും ആരുമില്ലാത്തതോർത്തു ആർത്താർത്തു ഞാൻ കരഞ്ഞു. പലവട്ടം ആത്മഹത്യക്ക് ശ്രമിച്ചു.. അത്രത്തോളം മടുത്തു മടുത്തു ഞാൻ ജീവിച്ചു. എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തൊരവസ്ഥ എത്ര ഭീകരമാണെന്ന് ഞാനറിഞ്ഞു...

മോന് മൂന്നു മാസമായപ്പോൾ ഞങ്ങളെ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും എല്ലാം പഴയതിലും പരിതാപകരമായിരുന്നു. ഭാരമുള്ള ജോലികളൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും എന്നെ നിർബന്ധിച്ചു ചെയ്യിപ്പിക്കാൻ അവർ ഉത്സാഹിച്ചു. പരാതികളില്ലാതെ അവരെ അനുസരിച്ചു പോരുന്നതിനിടയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നെ തേടിയെത്തി. ഡിസ്ക് തെറ്റലും ശാരീരിക വേദനകളും മറ്റു ആരോഗ്യ പ്രശ്നങ്ങളും കടന്നുവന്നത്തോടെ ഞാൻ ശെരിക്കുമൊരു രോഗിയായി... 

ശരീരികമായും മാനസികമായും ആർക്കോ വേണ്ടി ഞാൻ തളർന്നു പോയി. കുഞ്ഞുവാവയുടെ കാര്യങ്ങൾ പോലും ഞാൻ ചെയ്തില്ലെങ്കിൽ അവിടെ കിടക്കുമെന്നൊരവസ്ഥ വന്നപ്പോൾ ഞാനും ചില ഉറച്ച തീരുമാനങ്ങളെടുക്കാൻ നിർബന്ധിതയായി.വെറുപ്പെല്ലാം വാശിക്ക് വഴിമാറിയപോലെ...പിന്നീട് ഒരു തരം വാശിയായിരുന്നു.. ജീവിതത്തോട് തോൽപ്പിച്ചവരോട് എല്ലാം...

കുഞ്ഞുവാവയുടെ കളിചിരികളിൽ പതിയെ ഞാനെന്റെ വേദനകളെ മറന്നു. ലക്ഷ്യത്തിലേക്കുള്ള പ്രയാണമായി... ഏറെ വൈകിച്ചില്ല. സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം പൊടിതട്ടിയെടുത്തു. വീടിനടുത്തുള്ള ടൗണിലെ ഏക മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ട്രൈനിങ്ങിനായി തെരഞ്ഞെടുത്തു. എല്ലാ ഭാഗത്തു നിന്നും എതിർപ്പുകളുയർന്നു. മുലകുടി മാറാത്ത പിഞ്ചുകുഞ്ഞിനെ ഇട്ടിട്ടു പോകുന്ന സ്നേഹമില്ലാത്ത അഹങ്കാരിയായ ഉമ്മയായി ഞാൻ മുദ്ര കുത്തപ്പെട്ടു...

ആരുടേയും വാക്കുകൾക്ക്  ചെവി കൊടുത്തില്ല. മനസ്സ് അത്രമേൽ കരിങ്കല്ലായ പോലെ..വികാരങ്ങളെല്ലാം വിട്ടു നിൽക്കുന്നു. ഇനി പഴയ എന്നിലേക്കൊരു മടക്കമില്ലെന്നുറച്ചു. ആരോടും ഇനി സംസാരിക്കാനൊന്നുമില്ലെന്നും പകരം പ്രവർത്തികളിൽ വിശ്വസിച്ചു...

മോനെ എന്റെ ഉമ്മയെ ഏൽപ്പിച്ച് ഹോസ്പിറ്റലിൽ പോയി തുടങ്ങി. സത്യത്തിൽ അവിടുന്നെനിക്ക് കിട്ടിയ കോൺഫിഡൻസ് ചെറുതല്ല. ജീവിക്കാൻ ഒരു പെണ്ണിനാവശ്യം സ്വന്തമായൊരു ജോലിയും ചെറുതെങ്കിലുമൊരു വരുമാനമാർഗവുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം...

അങ്ങനെ ഞാനെന്റെ വീട്ടിൽ സ്ഥിരമായി. പക്ഷേ അതിനിടയിൽ വീട്ടുകാർ തമ്മിൽ പ്രശ്നം മൂർച്ഛിച്ചു. എന്റെ വീട്ടുകാർ മോനെയോർത്തെങ്കിലും അവരുടെ വീട്ടിലേക്ക് തിരികെ പോകണമെന്നെന്നോട് അപേക്ഷിച്ചപ്പോൾ ഇനി അയാളെ എനിക്ക് വേണ്ടെന്നും നിങ്ങൾക്ക് ബുദ്ധിമുട്ടാണേൽ ഞാനും മോനും ഹോസ്റ്റലിലേക്ക് മാറിക്കൊള്ളാമെന്നും ചങ്കൂറ്റത്തോടെ പറഞ്ഞു. അയാൾക്കു വേണ്ടിയുഴിഞ്ഞു വച്ച അത്രയും വർഷത്തെ ഞാൻ വെറുപ്പോടെയോർത്തു...

എന്റെ വീട്ടുകാർക്ക് ഞാൻ അവരെ മറ്റുള്ളവരുടെ മുൻപിൽ നാണം കെടുത്തിയവളായി.. ശാപ വാക്കുകൾ സഹിക്കാവയ്യാതെയാണ് പ്രിയപ്പെട്ട സുഹൃത്തിന്റെയും അവളുടെ കുടുംബത്തിന്റെയും സഹായത്തോടെ ഞാൻ ഈ നാട്ടിലേക്ക് വണ്ടി കയറുന്നത്. ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് , എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്  എല്ലാം വച്ചു ഇവിടത്തെ വലിയൊരു ഹോസ്പിറ്റലിൽ തന്നെ ജോലികിട്ടി. റൂം ഷെയറിൽ താമസവും തുടങ്ങി...

അത്യാവശ്യം തരക്കേടില്ലാതെ ജീവിതം മുന്നോട്ട് പോകവേ ഞങ്ങൾ മൂന്നുപേർ ചേർന്ന് ആ വലിയ സ്വപ്നത്തിന് തുടക്കമിട്ടു.. മൂന്നു പേർ ചേർന്ന് പുതിയൊരു ക്ളിനിക് തുടങ്ങുന്നതിനെ പറ്റി ആലോചന തുടങ്ങി. പിന്നീട് അതിനുള്ള ഓട്ടമായി.. സ്ഥലവും റൂമും നേരത്തെ കണ്ടുവച്ച പ്രകാരം പൈസ റെഡിയായപ്പോൾ വര്‍ക്ക് തുടങ്ങി. ഏഴ് മാസങ്ങൾക്കു മുമ്പ് ഉത്ഘാടനവും നടന്നു. അതിനടുത്തു തന്നെ ഒരു ഫ്ലാറ്റും തരപ്പെട്ടു...

ഇപ്പോൾ ഒന്നിനെ കുറിച്ചും വലിയ ആകുലതകളൊന്നുമില്ല.. ഈ വലിയ നഗരത്തിൽ ഇപ്പോൾ എന്റേതായ എന്തൊക്കെയോ ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നലാണ്... മോൻ ഒന്നാം ക്ളാസില്‍ പഠിക്കുന്നു. അന്ന് ഞാനെടുത്ത തീരുമാനത്തോളം മികച്ചതായി മറ്റൊന്നും എനിക്ക് തോന്നിയിട്ടില്ല. കാരണം ഞാൻ ജീവിക്കുന്ന ഇന്നീ നിമിഷത്തിൽ ഞാൻ സന്തോഷവതിയാണെന്നതുതന്നെ.. മറ്റൊരാളുടെ അടിമയല്ലെന്നതിൽ പരം സന്തോഷം വേറെന്തിനാണ്...?

ഇപ്പോൾ മൂന്നു വർഷം പിന്നിട്ടിരിക്കുന്നു.. കഴിഞ്ഞ കൊറേ ദിവസങ്ങളായി വീട്ടിൽ നിന്നും വിളിയോട് വിളിയാണ്. മറ്റന്നാൾ അനിയത്തിയുടെ വിവാഹ നിശ്ചയമാണ്. അവളും ഉപ്പയും ഉമ്മയുമെല്ലാം വിളിക്കുന്നുണ്ട്.. വിളിക്കുമ്പോഴെല്ലാം കരച്ചിലിന്റെ വക്കോളമെത്തുന്നുണ്ട് സംഭാഷണങ്ങൾ..പലപ്പോഴും ഞങ്ങൾക്ക് തമ്മിൽ എന്ത് പറയണമെന്നുപോലും അറിയുന്നില്ല... 

മൗനം കൊണ്ട് ഒരായിരം തവണ ഞങ്ങൾ പരസ്പരം മാപ്പ് പറഞ്ഞിട്ടുണ്ട്.. ഏതായാലും ഇന്ന് വരുമെന്ന് അവരോട് ഉറപ്പ് പറഞ്ഞതാണ്.. കാണാത്തതിലുള്ള ആവലാതിയാണ് ഇത്രയും കോളുകള്‍. ഇന്ന് വൈകീട്ടത്തെ ട്രെയിനിന് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫ്ലാറ്റിലെത്തിയതേയുള്ളു.. 

വല്ലതും കഴിച്ച് ക്ലിനിക്കിലേക്ക് ഇറങ്ങുകയാണ്.ഉച്ചക്ക് നേരത്തെ ക്ലിനിക്കിൽ നിന്നിറങ്ങണം. മോനെ സ്കൂളിൽ നിന്ന് കൂട്ടണം. പാക്കിങ് ബാക്കിയുണ്ട്. അതൂടെ കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷനിലേക്ക്.. പിന്നെ നാട്ടിലേക്ക്...... ആലോചിക്കുമ്പോൾ വല്ലാത്തൊരു കുളിർമയാണ്.. പെട്ടെന്ന് ഫോൺ പിന്നെയും റിങ് ചെയ്തു . ഉപ്പയാണ്...

"ഹലോ "

"മോളേ.. ഷാനീ...പോന്നിട്ടില്ലേ"

"ഇല്ലുപ്പാ..ഈവെനിംഗ് ആണ് ട്രെയിൻ.. ഉപ്പ ബേജാറാവണ്ട.. ഞങ്ങളങ്ങെത്തിക്കോളാ.."

"ആഹ് മോളേ.. ഇവിടിറങ്ങാറാവുമ്പോ വിളിക്കണേ.. ഞങ്ങൾ സ്റ്റേഷനിലേക്ക് വരാം.. മോനെ ശ്രദ്ധിക്ക് ട്ടോ "

"ആഹ്.. ശെരി ഉപ്പാ.. ഞാൻ വിളിക്കാം "

കോള്‍ കട്ട് ചെയ്യുമ്പോഴും   ചങ്കിലെന്തോ വല്ലാത്തൊരു ഭാരം... എന്തിനെന്നറിയാതെ നിറഞ്ഞൊഴുകുന്ന മിഴികളും.. എങ്കിലും അതിജീവനത്തിന്റെ പുഞ്ചിരി അപ്പോഴും ചുണ്ടിലങ്ങനെ മായാതെ നിൽക്കുന്നുണ്ടായിരുന്നു.

2011 മേയ് 20, വെള്ളിയാഴ്‌ച

മഞ്ഞ ബക്കന്‍

സ്ജൂളില്‍ നിന്ന്  വന്നു പുസ്തക സഞ്ചി വീട്ടീക്ക്  വലിച്ചെറിഞു ഗോട്ടി കളിക്കാന്‍  ഓടുമ്പോള്‍  പിന്നില്‍ നിന്നു കൊച്ചുത്താടെ വിളി..
"ഡാ ചെക്കാ നീ എങ്ങോട്ടാ ഈ പായുന്നത് ...? റേഷന്‍ പീടികയില്‍ നിന്നു ചാക്കെരിയും  , പഞ്ചാരയും  , മണ്ണെണ്ണയും വാങ്ങീട്ട്  വാടാ....... അല്ലെങ്കില്‍ ഉമ്മ പണികഴിഞു വന്നാല്‍  നല്ലതു കിട്ടിക്കോളും.... ഇവിടെ വെക്കാന്‍ ഒരു നാഴി  അരിപോലില്ല  "
റാഫിടെ കുപ്പീലുള്ള ആ കുന്നു  ഗോട്ടികള്‍   ഇന്നെങ്കിലും ലുടിക്കാം എന്ന ആഗ്രഹമാണ് അതോടെ തകര്‍ന്നത് , മാത്രമല്ല  സ്കൂളില്‍ വെച്ചു കുറെ നിര്‍ബന്ധിച്ചു   സോമന് 15 ഗോട്ടി കൊടുത്ത് പകരം  വാങ്ങിയ 'മഞ്ഞ ബക്കന്‍'   വെറുതെ ആയല്ലോ ..
.....ടര്‍ ടര്‍ ടര്‍ വണ്ടി ബ്രെയിക്ക് ചവിട്ടി വലത്തേക്കെടുത്ത് ..തിരിഞ്ഞു വീട്ടീക്ക് .....  ഉമ്മാടെ കമ്മ്യൂണിസ്റ്റ് പച്ച കൊണ്ടുള്ള   അടി  പേടിച്ചല്ല.... പിന്നെ .....സ്നേഹത്തോടെയുള്ള ചീത്ത എനിക്ക് ഭയങ്കര പേടിയാ ....എവടെ .? വെക്കം താ ..അല്ലെങ്കില്‍ ഞാന്‍ പോകൂലാട്ടാ കൊച്ചുത്താ ....
എന്റെ സ്വന്തം വാഹനമായ സൈക്കിള്‍ ടയര്‍ വണ്ടി എടുക്കാതെ, ഒരുകയ്യില്‍ ചില്ലറ നോട്ടുകള്‍ കൂട്ടിപ്പിടിച്ചു മണ്ണെണ്ണ ഡപ്പയും, വലിയ സഞ്ചിയുമായി പിന്നെ ഒറ്റ ഓട്ടം. ..ചെന്നു നിന്നതു ചുക്കുബസാറിലേ റേഷന്‍ മൊമ്മുട്ടിക്കാടെ കടയില്‍ ....
'ഇക്കാക്കു കുറെ പഠിക്കുവാനുണ്ടു ,അവന്‍ പത്തിലാ...ഇനി മുതല്‍ കടേക്കൊക്കെ  നീ പോകണം' എന്ന ഉമ്മാടെ  വാക്കുകള്‍ ഇക്കയിലുണ്ടാക്കിയ  സന്തോഷവും പിന്നെ എന്നെ കളിയാക്കിയതും കിതച്ചു കൊണ്ടു ആ നീണ്ട വരിയില്‍ നില്‍ക്കുമ്പോളും ഞാന്‍ ഓര്‍ത്തു.
നീണ്ട വരി ചുരുങ്ങി ചുരുങ്ങി എന്റെ അവസരമെത്തുമ്പോഴേക്കും നേരം ഇരുട്ടാന്‍ തുടങി. "രായം മരക്കാര്‍ പാത്തു"...എന്ത്യേയ് ചക്കരേ (വെല്ലിപ്പയെ വിളിക്കുന്ന പേര് ) ബേണ്ടെ..?   മൊമ്മുട്ടിക്കയുടെ ആ ചോദ്യത്തിന് .. 5 കിലൊ അരി, പഞ്ചാര , മണ്ണെണ്ണ , എന്റെ ഉറക്കെയുള്ള ഈ പറച്ചില്‍ എതിര്‍വശത്തെ ബാലേട്ടന്റെ ചായ പീടികയില്‍ പോലും മുഴങ്ങി.
പിന്നെ ഒരു പിടി പഞ്ചാര വായേക്കിട്ടു  കയ്യില്‍ പറ്റിപ്പിടിച്ച പഞ്ചാര നാവു കൊണ്ടു നുണയുമ്പോള്‍ പിന്നില്‍ നിന്നു മൊമ്മുട്ടിക്ക"കുറേശ്ശെ തിന്നെടാ ..കൊക്കപ്പുഴു വരും"
അരിയും , പഞ്ചാരയും  , മണ്ണെണ്ണയും വാങ്ങി  പുറത്തു കടക്കുമ്പോള്‍ ഒരു പിടി ഗോതമ്പെടുത്തു വായിലിടാനും മറന്നില്ല. ഞാനൊറ്റക്കു എങ്ങിനെ  ഇരുട്ടത്തു ഇതെല്ലാം കൂടീ കൊണ്ടുപോകും ..? എന്നു വിചാരിചു നില്‍ക്കുമ്പോള്‍ ...

ഇരുട്ടിനെ വകഞ്ഞു  മാറ്റി ടോര്‍ച്ചുമായി ഇക്ക പ്രത്യക്ഷപ്പെട്ടു, അപ്പോള്‍ എന്റെ മനസ്സിലും ആഹ്ളാദത്തിന്റെ ടോര്‍ച്ചു കത്തി .

2011 മേയ് 19, വ്യാഴാഴ്‌ച

കിന്നരിത്തൊപ്പി വെച്ച മാലാഖ

അവന്റെ   സ്വപ്നങ്ങളിലെന്നും  കിന്നരിത്തൊപ്പി വെച്ച  മുഖം  മറച്ച  ഒരു  മാലാഖ   പ്രത്യക്ഷപ്പെടാരുണ്ട്. അരുമയോടെ  നെറ്റിയിലോരുമ്മ  നല്‍കി  അപ്രത്യക്ഷമാകുന്ന സ്നേഹവതിയായ  മാലാഖ .
 ചുട്ടുപൊള്ളുന്ന  മണലാരണ്യത്തിലെ കഠിനമായ  ജോലിയും,  വിരസമായ  രാപ്പകലുകളും  കൊഴിഞ്ഞു പോകുന്ന ദിനങ്ങളില്‍ , എല്ലാത്തില്‍ നിന്നും  ആശ്വാസം കിട്ടിയിരുന്നത് സ്വപ്നത്തില്‍ മുഖം മറച്ചു വരുന്ന , ഒരിക്കല്‍ പോലും ഒന്നും ഉരിയിടാത്ത ആ  മാലാഖയുടെ സ്വാന്തന തലോടലായിരുന്നു  .....
 നാട്  ഒരോര്‍മ്മ  മാത്രമായി  എന്നും   മനസ്സിനെ  നോവിച്ചു ..  ഉറ്റവരെ  കാണാനുള്ള  മനസ്സിന്റെ   വിങ്ങല്‍  അടക്കാനാവാത്ത  ഒരു  രാത്രിയില്‍,   അവന്‍  തീരുമാനിച്ചു ...  തിരിച്ചു  വരാതിരിക്കാനായി  നാട്ടിലേക്കൊരു   യാത്ര ..!
  വീട്ടിലെ ദാരിദ്ര്യം, കല്യാണപ്രായം കഴിഞ്ഞ പെങ്ങന്മാര്‍ ,രോഗിയായ  ഉപ്പ, ചോര്‍ന്നൊലിക്കുന്ന  വീട് .. എല്ലാം  അവനെ  തളര്‍ത്തി .
 പക്ഷെ നാട്ടിലേക്ക്  മടങ്ങണമെന്ന  മോഹത്തിന്  ശക്തി  കൂടി  വന്നതേയുള്ളൂ...
 പിറ്റേന്ന്  ലേബര്‍ ക്യാമ്പിലേക്ക്  പണപ്പെട്ടിയുമായി  വന്ന  സൂപ്പെര്‍ വൈസറെ  കബളിപ്പിച്ചു   നോട്ട്  കെട്ടുകള്‍ അടങ്ങിയ   സ്യൂട്ട് കേസുമായി  റൂമിലെത്തി .
 ആര്‍ക്കും  സംശയം  തോന്നാത്ത  രീതിയില്‍  നാട്ടിലേക്കൊരു  യാത്ര  അറെഞ്ച്   ചെയ്തു .
പിടിക്കപെടും  മുന്‍പ്  പുറപ്പെടണം ....!!
കിടന്നിട്ടുറക്കം  വരുന്നില്ല ... തിരിഞ്ഞും  മറിഞ്ഞും  കിടന്നു . മയക്കത്തിനിടയില്‍  കിന്നരിത്തൊപ്പി വെച്ച മാലാഖ വീണ്ടും  അവനെ  തേടിയെത്തി .
" ആരുടെയാ മോനെ  ആ  പണം..?  തിരിച്ചു  കൊടുക്കൂ ... ഇങ്ങനെയാവാനല്ലല്ലോ  ഉമ്മ  കഷ്ട്ടപ്പെട്ട്  മോനെ   വളര്‍ത്തിയത് .അല്ലാഹു     നിനക്കൊരു  വഴി  കാണിച്ചുതരും ..."
ഉമ്മാ ......ഉമ്മാ.........
 അവന്‍  ഞെട്ടിയുണര്‍ന്നു .. മുഖം  തരാതെ  സ്വപ്നത്തില്‍  വന്നെന്നെ  ആശ്വസിപ്പിചിരുന്നത്  ... സ്നേഹിച്ചു കൊതി തീരും മുന്‍പ് തനിക്കു നഷ്ടപ്പെട്ട എല്ലാമെല്ലാമായ  എന്റെ  ഉമ്മയായിരുന്നോ ..?
 പിറ്റേന്ന്
 പണം  തിരിച്ചു  നല്‍കി  മാപ്പുപറഞ്ഞു  തിരികെ  പോരുമ്പോള്‍ .. ആകാശത്ത്  നിന്ന്  കിന്നരിത്തൊപ്പി വെച്ച ഒരു മാലാഖ  പുഞ്ചിരിക്കുന്നതായി   അവനു  തോന്നി ....

                (സമര്‍പ്പിക്കുന്നത്  : എന്റെ എല്ലാമെല്ലാമായ ഉമ്മാക്ക് )