Powered By Blogger

2011, മേയ് 29, ഞായറാഴ്‌ച

ഷാനിയുടെ പോരാട്ടം







  ജിമ്മിൽ നിന്നിറങ്ങുമ്പോൾ കുറച്ച് ലേറ്റായിരുന്നു. സൈലന്‍റ് മോഡില്‍ ആയിരുന്ന ഫോൺ ഓണ്‍ ചെയ്തു നോക്കി.16 മിസ്സ്ഡ് കോൾസ്  ഉണ്ട്. അതിൽ  ഏറെയും വീട്ടിൽ നിന്നാണ്. ബാക്കി ക്ലിനിക്കിൽ നിന്നുള്ളതും. ആകെ വിയർത്തിട്ടാണുള്ളത്. ഫ്ലാറ്റിൽ പോയി ഫ്രഷായി വല്ലതും കഴിച്ചിട്ട് വേണം ക്ലിനിക്കിലേക്ക് പോകാൻ... 

പിന്നേയും ഫോൺ റിങ്ങ് ചെയ്തു കൊണ്ടിരുന്നു. നോക്കുമ്പോൾ ഉപ്പയുടെ കോളാണ്. ഒരു നിമിഷം എന്തോ ആലോചിച്ചു നിന്ന് അറ്റന്റ് ചെയ്യാൻ നോക്കിയപ്പോഴേക്കും കോള്‍ കട്ടായി.
ഇനി ഫ്ലാറ്റിലേക്ക് ഒരു പത്ത് മിനിറ്റ് നടക്കേണ്ടതേയുള്ളൂ.. ആ നടത്തത്തിലുടനീളം കഴിഞ്ഞു പോയ ഇന്നലെകളിലെ എന്നെ തിരയുകയായിരുന്നു ഞാൻ. എത്ര പെട്ടെന്നാണ് ഞാൻ ആർക്കും ആരുമല്ലാതായത്.. അതേ ആളുകൾക്ക് തന്നെ ഇപ്പോൾ ഞാൻ വേണ്ടപ്പെട്ടവളായതെങ്ങനെയെന്ന് വെറുതേ ഒന്നോർത്തു പോയി....

പ്രതാപികളും പഴഞ്ചൻ ചിന്താഗതിക്കാരുമായ നാട്ടിലെ പേരുകേട്ട തറവാട്ടിലെ അഞ്ചാമന്റെ മൂത്ത മകൾ.. തറവാട്ടിലെ മറ്റു  പേരക്കുട്ടികളെല്ലാം ഒന്നടങ്കം വെളുത്തു തുടുത്ത് പൂവൻ പഴം പോലിരുന്നെങ്കിലും ഞാനെന്തുകൊണ്ടോ സപ്പോട്ടക്കളറായിരുന്നു. ചെറുപ്പം തൊട്ടേ തറവാട്ടിലെ അടുക്കളയിലടക്കം എന്റെ കറുപ്പും കല്യാണ കാര്യവും എന്നും ചർച്ചാ വിഷയമായി... 

അല്ലെങ്കിലും പെൺകുട്ടികളെ വളർത്തുന്നത് കെട്ടിക്കാനും കുട്ടികളെ പെറ്റുകൂടാനുമാണെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് മൂക്കത്തു വിരൽ വച്ചു രോദിക്കാൻ എന്റെ വെളുപ്പില്ലായ്മ ധാരാളമായിരുന്നു. അങ്ങനെ വെളുവെളുത്ത ഇത്താത്തമാരെല്ലാം പ്ലസ്ടു കഴിയലോടു കൂടി മറ്റേതൊക്കെയോ നാടുകളിലെ പ്രമാണിമാരുടെ മക്കൾക്ക് പുതുമാട്ടിമാരായി. ഇട്ടുമൂടാനുള്ള സ്വർണവും സ്വത്തു വകകളുമായി അവരുടെ ബാപ്പമാരും പിറകെ കൂടി...
   
എന്റെ പത്താംതരം റിസള്‍ട്ട് വരും മുന്നേ പലരും എനിക്ക് ചെക്കന്മാരെ തിരഞ്ഞു കൊണ്ടിരുന്നു. നിറം കുറഞ്ഞവരെ ആർക്കും ബോധിക്കില്ലെന്ന നാട്ടുകാരുടെയും കുടുംബത്തിലെ കാരണവന്മാരുടെയും ആഹ്വാനം വീട്ടുകാരും ശരിവച്ചു. പത്താംതരം നല്ല മാർക്കോടെ പാസ്സായിട്ടും ആർക്കും ഒട്ടും താല്പര്യമില്ലാതെ എന്റെ സ്വന്തം വാശിപ്പുറത്ത് ഞാൻ പ്ലസ് വൺ സയൻസിന് തന്നെ ജോയിൻ ചെയ്തു... 

അതിനിടയിൽ തറവാടിന്റെ പഴയ പ്രൗഢി തെല്ലൊന്ന് ക്ഷയിക്കുകയും ശേഷിച്ചവ മക്കളെല്ലാം വീതിച്ചെടുക്കുകയും ചെയ്തു. അതിനിടയിൽ ഇടിത്തീ പോലെ ഉപ്പയുടെ കച്ചവടം പൊളിയുകയും മാനസികമായി ഞങ്ങൾ വല്ലാതെ തളരുകയും ചെയ്തു. ഉപ്പയുടെ ആ ഒരവസ്ഥയിൽ നിന്നും കരകയറാൻ ഞങ്ങൾക്ക് കുറച്ച് സമയം വേണ്ടിവന്നു. അത്തരമൊരു സാഹചര്യത്തിൽ അന്നുവരെ ഉപ്പയെ സ്നേഹബഹുമാനങ്ങളോടെ കണ്ട് തങ്ങളുടെ സാമ്പത്തിക പ്രയാസങ്ങളും മക്കളുടെ കല്യാണാവശ്യങ്ങളും അറിയിക്കുകയും ഉള്ളതിലൊരു പങ്ക് പറ്റുകയും ചെയ്തിരുന്ന പലരും മുഖം തിരിച്ചു നടക്കുക പതിവായി...

ആത്മാഭിമാനിയായ ഉപ്പ ഏക സമ്പാദ്യമായി ബാക്കിയുണ്ടായിരുന്ന ആ ഇരുനില വീട് വിറ്റ് ശേഷിച്ച കട ബാധ്യതകളും തീർത്ത് ചെറുതെങ്കിലും സുന്ദരവും മനസമാധാനവും ഉള്ളൊരു വീട് ഞങ്ങളുടെ നാടിന് കുറച്ചകലെയായി വാങ്ങി. അങ്ങോട്ട് താമസവും മാറി. അപ്പോഴേക്കും രണ്ട് വർഷങ്ങൾ ശരവേഗത്തിൽ പാഞ്ഞുപോയിരുന്നു. എന്റെ പ്ലസ്ടു കഴിഞ്ഞു. ഇനി യാതൊരു കാരണവശാലും തുടർന്ന് പഠിപ്പിക്കരുതെന്ന് കാരണവന്മാർ ചട്ടംകെട്ടി.കല്യാണലോചനകൾ തകൃതിയായി നടന്നു...

ആന കിടന്നിടത്ത് ആനപ്പൂടയെങ്കിലും കാണുമെന്ന ധാരണയിൽ പല പ്രമാണിമാരും മക്കളുമായി കരാറുറപ്പിക്കാൻ വന്നെങ്കിലും നിലവിലെ സാമ്പത്തികാവസ്ഥ വിവരിക്കുമ്പോൾ അവർ മനഃപൂർവം പിന്മാറുക പതിവായി. സത്യത്തിൽ അതെനിക്ക് തെല്ലൊരാശ്വാസവുമായി..  

നിരാഹാരവും വാശിയും മുറുകെ പിടിച്ച് ഞാൻ വീണ്ടും പഠിപ്പിന്റെ വഴിയേ നടന്നു. വീട്ടുകാരെ എങ്ങനെയൊക്കെയോ സമ്മതിപ്പിച്ചു. കുടുംബത്തിൽ മുറുമുറുപ്പ് അധികരിച്ചു...

ഞാൻ ഡിഎംഎല്‍ടി ക്ക് ജോയിൻ ചെയ്തു.രണ്ട് വർഷത്തെ കോഴ്സ് ആയിരുന്നു. ആദ്യ വര്‍ഷംതുടങ്ങി പിന്നീടങ്ങോട്ട് ലാബും പ്രാക്ടിക്കലും തിയറി ക്ലാസും ഒക്കെയായി സുന്ദരമായൊരു കാലഘട്ടമായിരുന്നു. ആദ്യ വര്‍ഷം എക്സാമിന്റെ തിരക്കിനിടയിലാണ് ഉമ്മയുടെ അകന്ന ബന്ധത്തിൽ പെട്ടൊരാൾ എന്നെ കല്യാണമാലോചിച്ചു വരുന്നത്...

മൂപ്പർക്ക് പണ്ട് മുതലേ എന്നോട് വല്ലാത്തൊരിഷ്ടമാണെന്നും കല്യാണക്കാര്യം തീരുമാനിക്കാനായി ഗൾഫിൽ നിന്നും വന്നതാണെന്നും ആരൊക്കെയോ പറഞ്ഞറിഞ്ഞു. കേട്ടവർ കേട്ടവർ മൊത്തത്തിൽ പാടി പരത്തി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. എന്നോടാരും പക്ഷേ ഒന്നും ചോദിച്ചില്ല.. പറയാനൊരവസരം തന്നുമില്ല. കല്യാണം എന്റെയാണെന്നുള്ള പരിഗണന പോലും തരാതെ എല്ലാം വീട്ടുകാർ തമ്മിൽ എടിപിടീന്ന് തീരുമാനിച്ചുറപ്പിച്ചു...

എന്റേതായ ഒരാവശ്യം മാത്രം നടത്താമെന്ന് ഇരു വീട്ടുകാരും സമ്മതിച്ചു. ഒരു വർഷം കൂടി ബാക്കിനിൽക്കുന്ന എന്റെ പഠിത്തം മുഴുമിപ്പിക്കാമെന്ന്. അതും എന്നെ സംബന്ധിച്ച് വലിയൊരാശ്വാസം തന്നെയായിരുന്നു. മൂന്നാഴ്ചക്കുള്ളിൽ കല്യാണം നടന്നു. എങ്കിലും ആ പാവം പതിനേഴുകാരിയുടെ വിവാഹ സങ്കൽപ്പങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ആ ജീവിതം...

എന്തിനുമേതിനും തുടക്കത്തിലേ കുറ്റപ്പെടുത്തലും കളിയാക്കലും മാത്രമായപ്പോഴും ആ ഹൃദയം നുറുങ്ങുന്നത് കാലങ്ങളായി പ്രണയമായിരുന്നെന്ന് പറഞ്ഞവന് പോലും മനസ്സിലായില്ല..
വിവാഹം കഴിഞ്ഞ് തുടക്കത്തിലേ അവർ അംഗീകരിച്ച എന്റെ ആവശ്യം തിരസ്കരിക്കാൻ അവർ തിടുക്കം കൂട്ടി. ഇനി കൊറേ പഠിച്ചിട്ടെന്താന്നുള്ള മുടന്തൻ ന്യായങ്ങൾ അവർ നിരത്തിയെങ്കിലും വീട്ടുജോലികളെല്ലാം തീർത്ത് പോയാൽ മതിയെന്ന അവരുടെ കരാറിൽ ഒടുവിൽ ഞാൻ ഒപ്പുവച്ചു...

അങ്ങനെ ക്ലാസിനു പോയി തുടങ്ങി. ക്ലാസ്സിലേറെയും നേരം ഞാൻ ഉറങ്ങാനായി മാറ്റിവച്ചു. ആ സമയത്തൊക്കെയും എന്തിനെന്നറിയാതൊരു പേടി എന്നെ ചുറ്റിവരിഞ്ഞു കൊണ്ടിരുന്നു. മധുവിധു തീരും മുൻപേ പ്രവാസത്തിലേക്ക് ചേക്കേറിയ പ്രിയതമൻ പോലും വേണ്ടത്ര പരിഗണിക്കാത്തതിലുള്ള നോവ് പറഞ്ഞറിയിക്കുന്നതിലപ്പുറമായിരുന്നു...

പ്രസവിച്ചു കിടക്കുന്നവരുടെ മുതിർന്ന കുട്ടികളെ നോക്കലിൽ തുടങ്ങി തീരാത്ത വീട്ടുജോലികൾക്കിടയിലെ പഠിത്തം, ക്ലാസ്സ്‌, പ്രാക്ടിക്കൽസ്, അസൈന്‍മെന്‍റ്സ്  എല്ലാം കൂടി എനിക്ക് ഭ്രാന്തായി തുടങ്ങി. ഞാൻ ആ വീട്ടിൽ തികച്ചുമൊരു വേലക്കാരിയായി മാറി. എന്ത് ചെയ്താലും കുറ്റവും മുറുമുറുപ്പും പിന്നെ പിന്നേ അടിയും തൊഴിയുമായി മാറി. ജീവിതം വല്ലാതെ മടുത്തു പോയി.ഈ മടുപ്പിന്റെ കഥകൾ കണ്ണീരായി പറയുമ്പോഴും കളിയായി സ്വന്തം വീട്ടുകാർ പോലും കേട്ടു. പിന്നെ പിന്നേ കേൾക്കാൻ താല്പര്യമില്ലാതായി.. പറയാനും...

എങ്കിലും കേട്ടപ്പോഴെല്ലാം ജീവിതം ഇങ്ങനെയൊക്കെയാണെന്നും പെണ്ണായ് പിറന്നാൽ കുറെയേറെ സഹിക്കേം ക്ഷമിക്കേം വേണമെന്നും തുടങ്ങുന്ന പഴഞ്ചൻ ഡയലോഗുകളിൽ അവർ ആരെയോ ആശ്വസിപ്പിച്ചു.. പഠിത്തം പൂർത്തിയാക്കിയെങ്കിലും മെഡിക്കൽ  ഫീല്‍ഡിനെ മോശവൽക്കരിക്കുന്ന ഭർത്താവും കുടുംബവും ഒരിക്കലുമെന്നെ ജോലിക്കയാക്കില്ലെന്നുറപ്പിച്ചു പറഞ്ഞു. അവർക്ക് താൽപര്യമില്ലെങ്കിൽ പോവരുതെന്ന് എന്റെ വീട്ടുകാരും ഏറ്റുപാടി... 

ഇതൊന്നും പോരാത്തതിന് വീട്ടിലേക്ക് അയക്കാതിരിക്കുന്നതിലും ഏതു നേരവും എന്തെങ്കിലും പണി എടുപ്പിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിൽ കണക്കു പറയുന്നതിലും നിറവും സ്വർണവും കുറഞ്ഞെന്നതിന്റെ പേരിലും കേട്ടാൽ അറക്കുന്ന വാക്കുകൾ കൊണ്ട് ആക്രോശിക്കലും പതിവായി. പോവാനൊരിടമില്ലാതെ എന്നെ കേൾക്കാനൊരാളില്ലാതെ തളർന്നു പോയി ഞാൻ...

പല വട്ടം മരണം മുന്നിൽ വന്ന് പല്ലിളിച്ചു.ഭർത്താവിന് പോലും എന്നോടൊന്നും സംസാരിക്കാനില്ലെന്നതെന്നെ അതിശയിപ്പിച്ചു.. അയാൾക്കെന്നോട് ഒന്നും സംസാരിക്കാനില്ല. ഒരു നൂറു രൂപ പോലും എനിക്ക് തരാറില്ല . അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോലും കൊണ്ട് പോകാറില്ല...

തിരികെ വീട്ടിലേക്കും പോകാനാകാതെ എല്ലാവരെയും വെറുത്ത് വെറുത്ത് വെറുപ്പിന്റെ അങ്ങേയറ്റത്തെത്തിയ ആ കാലം ഇപ്പോഴും ഓർക്കാനൊരു ഭയമാണ്. അതിനിടയിൽ രണ്ട് വർഷത്തെ പ്രവാസം മതിയാക്കി ഭർത്താവ് നാട്ടിൽ സ്ഥിരമാക്കാൻ തീരുമാനിച്ചു. അവർക്ക് പക്ഷേ എന്തിനും ഏതിനും അവരുടെ ഉമ്മയുടെ തീരുമാനങ്ങളായിരുന്നു മുഖ്യം. എനിക്കൊരിക്കലും ഒരു മനുഷ്യനെന്ന പരിഗണന പോലും എവിടെയും കിട്ടിയില്ല. ഓരോ ബിസിനസ്സിന്റെയും വണ്ടിയുടെയും ആവശ്യങ്ങളും മറ്റും പറഞ്ഞു ഉപ്പ തന്ന സ്വർണങ്ങളെല്ലാം ഇതിനോടകം അവർ വിറ്റുതുലച്ചു...

പിന്നീട് ഞാൻ ഗർഭിണിയാകുന്നില്ലെന്ന പരാതി വ്യാപകമായി.അയാൾ വന്ന് മൂന്നു മാസം പിന്നിട്ടപ്പോഴേക്കും ഞാൻ 'മച്ചി' ആണെന്ന് പലരും മുദ്രകുത്തി. പിന്നീട് പലതരം ചികിത്സകളുടെ നാളുകളായിരുന്നു. സകല ടെസ്റ്റുകളും നടത്തിയെങ്കിലും എനിക്ക് കുഴപ്പമൊന്നും കണ്ടെത്താൻ ഡോക്ടർമാർക്കായില്ല. എങ്കിലും അവർ പലതരം മരുന്നുകൾ തുടരെ തുടരെ എഴുതാൻ മത്സരിച്ചു. ഒരു കുട്ടിയായാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്ന ചിലരുടെ ആശ്വാസവാക്കിൽ വിശ്വസിച്ചു വിഡ്ഢിയായ ഞാൻ എല്ലാം സഹിച്ചു. പല മരുന്നുകളും കഴിച്ചു തുടയിൽ പല വലിപ്പത്തിലുള്ള സിറിഞ്ചുകൾ പാടുകൾ തീർത്തു. ഒടുവിൽ എല്ലാവരുടെയും ആഗ്രഹം പോലെ ഞാൻ ഗർഭിണിയായി...

 മരിച്ചു ജീവിച്ച ഗർഭകാലവും വേദന തിന്ന് തീർത്ത സിസേറിയന് ശേഷമുള്ള ദിവസങ്ങളും ഉറങ്ങാത്ത കൈകുഞ്ഞും പോസ്റ്റ്പാര്‍ട്ടും ഡിപ്രെഷനും എല്ലാം കൂടെ വല്ലാതെയെന്നെ   തളർത്തിയപ്പോഴും ഒന്ന് ചേർത്തു പിടിക്കാൻ പോലും ആരുമില്ലാത്തതോർത്തു ആർത്താർത്തു ഞാൻ കരഞ്ഞു. പലവട്ടം ആത്മഹത്യക്ക് ശ്രമിച്ചു.. അത്രത്തോളം മടുത്തു മടുത്തു ഞാൻ ജീവിച്ചു. എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തൊരവസ്ഥ എത്ര ഭീകരമാണെന്ന് ഞാനറിഞ്ഞു...

മോന് മൂന്നു മാസമായപ്പോൾ ഞങ്ങളെ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും എല്ലാം പഴയതിലും പരിതാപകരമായിരുന്നു. ഭാരമുള്ള ജോലികളൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും എന്നെ നിർബന്ധിച്ചു ചെയ്യിപ്പിക്കാൻ അവർ ഉത്സാഹിച്ചു. പരാതികളില്ലാതെ അവരെ അനുസരിച്ചു പോരുന്നതിനിടയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നെ തേടിയെത്തി. ഡിസ്ക് തെറ്റലും ശാരീരിക വേദനകളും മറ്റു ആരോഗ്യ പ്രശ്നങ്ങളും കടന്നുവന്നത്തോടെ ഞാൻ ശെരിക്കുമൊരു രോഗിയായി... 

ശരീരികമായും മാനസികമായും ആർക്കോ വേണ്ടി ഞാൻ തളർന്നു പോയി. കുഞ്ഞുവാവയുടെ കാര്യങ്ങൾ പോലും ഞാൻ ചെയ്തില്ലെങ്കിൽ അവിടെ കിടക്കുമെന്നൊരവസ്ഥ വന്നപ്പോൾ ഞാനും ചില ഉറച്ച തീരുമാനങ്ങളെടുക്കാൻ നിർബന്ധിതയായി.വെറുപ്പെല്ലാം വാശിക്ക് വഴിമാറിയപോലെ...പിന്നീട് ഒരു തരം വാശിയായിരുന്നു.. ജീവിതത്തോട് തോൽപ്പിച്ചവരോട് എല്ലാം...

കുഞ്ഞുവാവയുടെ കളിചിരികളിൽ പതിയെ ഞാനെന്റെ വേദനകളെ മറന്നു. ലക്ഷ്യത്തിലേക്കുള്ള പ്രയാണമായി... ഏറെ വൈകിച്ചില്ല. സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം പൊടിതട്ടിയെടുത്തു. വീടിനടുത്തുള്ള ടൗണിലെ ഏക മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ട്രൈനിങ്ങിനായി തെരഞ്ഞെടുത്തു. എല്ലാ ഭാഗത്തു നിന്നും എതിർപ്പുകളുയർന്നു. മുലകുടി മാറാത്ത പിഞ്ചുകുഞ്ഞിനെ ഇട്ടിട്ടു പോകുന്ന സ്നേഹമില്ലാത്ത അഹങ്കാരിയായ ഉമ്മയായി ഞാൻ മുദ്ര കുത്തപ്പെട്ടു...

ആരുടേയും വാക്കുകൾക്ക്  ചെവി കൊടുത്തില്ല. മനസ്സ് അത്രമേൽ കരിങ്കല്ലായ പോലെ..വികാരങ്ങളെല്ലാം വിട്ടു നിൽക്കുന്നു. ഇനി പഴയ എന്നിലേക്കൊരു മടക്കമില്ലെന്നുറച്ചു. ആരോടും ഇനി സംസാരിക്കാനൊന്നുമില്ലെന്നും പകരം പ്രവർത്തികളിൽ വിശ്വസിച്ചു...

മോനെ എന്റെ ഉമ്മയെ ഏൽപ്പിച്ച് ഹോസ്പിറ്റലിൽ പോയി തുടങ്ങി. സത്യത്തിൽ അവിടുന്നെനിക്ക് കിട്ടിയ കോൺഫിഡൻസ് ചെറുതല്ല. ജീവിക്കാൻ ഒരു പെണ്ണിനാവശ്യം സ്വന്തമായൊരു ജോലിയും ചെറുതെങ്കിലുമൊരു വരുമാനമാർഗവുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം...

അങ്ങനെ ഞാനെന്റെ വീട്ടിൽ സ്ഥിരമായി. പക്ഷേ അതിനിടയിൽ വീട്ടുകാർ തമ്മിൽ പ്രശ്നം മൂർച്ഛിച്ചു. എന്റെ വീട്ടുകാർ മോനെയോർത്തെങ്കിലും അവരുടെ വീട്ടിലേക്ക് തിരികെ പോകണമെന്നെന്നോട് അപേക്ഷിച്ചപ്പോൾ ഇനി അയാളെ എനിക്ക് വേണ്ടെന്നും നിങ്ങൾക്ക് ബുദ്ധിമുട്ടാണേൽ ഞാനും മോനും ഹോസ്റ്റലിലേക്ക് മാറിക്കൊള്ളാമെന്നും ചങ്കൂറ്റത്തോടെ പറഞ്ഞു. അയാൾക്കു വേണ്ടിയുഴിഞ്ഞു വച്ച അത്രയും വർഷത്തെ ഞാൻ വെറുപ്പോടെയോർത്തു...

എന്റെ വീട്ടുകാർക്ക് ഞാൻ അവരെ മറ്റുള്ളവരുടെ മുൻപിൽ നാണം കെടുത്തിയവളായി.. ശാപ വാക്കുകൾ സഹിക്കാവയ്യാതെയാണ് പ്രിയപ്പെട്ട സുഹൃത്തിന്റെയും അവളുടെ കുടുംബത്തിന്റെയും സഹായത്തോടെ ഞാൻ ഈ നാട്ടിലേക്ക് വണ്ടി കയറുന്നത്. ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് , എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്  എല്ലാം വച്ചു ഇവിടത്തെ വലിയൊരു ഹോസ്പിറ്റലിൽ തന്നെ ജോലികിട്ടി. റൂം ഷെയറിൽ താമസവും തുടങ്ങി...

അത്യാവശ്യം തരക്കേടില്ലാതെ ജീവിതം മുന്നോട്ട് പോകവേ ഞങ്ങൾ മൂന്നുപേർ ചേർന്ന് ആ വലിയ സ്വപ്നത്തിന് തുടക്കമിട്ടു.. മൂന്നു പേർ ചേർന്ന് പുതിയൊരു ക്ളിനിക് തുടങ്ങുന്നതിനെ പറ്റി ആലോചന തുടങ്ങി. പിന്നീട് അതിനുള്ള ഓട്ടമായി.. സ്ഥലവും റൂമും നേരത്തെ കണ്ടുവച്ച പ്രകാരം പൈസ റെഡിയായപ്പോൾ വര്‍ക്ക് തുടങ്ങി. ഏഴ് മാസങ്ങൾക്കു മുമ്പ് ഉത്ഘാടനവും നടന്നു. അതിനടുത്തു തന്നെ ഒരു ഫ്ലാറ്റും തരപ്പെട്ടു...

ഇപ്പോൾ ഒന്നിനെ കുറിച്ചും വലിയ ആകുലതകളൊന്നുമില്ല.. ഈ വലിയ നഗരത്തിൽ ഇപ്പോൾ എന്റേതായ എന്തൊക്കെയോ ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നലാണ്... മോൻ ഒന്നാം ക്ളാസില്‍ പഠിക്കുന്നു. അന്ന് ഞാനെടുത്ത തീരുമാനത്തോളം മികച്ചതായി മറ്റൊന്നും എനിക്ക് തോന്നിയിട്ടില്ല. കാരണം ഞാൻ ജീവിക്കുന്ന ഇന്നീ നിമിഷത്തിൽ ഞാൻ സന്തോഷവതിയാണെന്നതുതന്നെ.. മറ്റൊരാളുടെ അടിമയല്ലെന്നതിൽ പരം സന്തോഷം വേറെന്തിനാണ്...?

ഇപ്പോൾ മൂന്നു വർഷം പിന്നിട്ടിരിക്കുന്നു.. കഴിഞ്ഞ കൊറേ ദിവസങ്ങളായി വീട്ടിൽ നിന്നും വിളിയോട് വിളിയാണ്. മറ്റന്നാൾ അനിയത്തിയുടെ വിവാഹ നിശ്ചയമാണ്. അവളും ഉപ്പയും ഉമ്മയുമെല്ലാം വിളിക്കുന്നുണ്ട്.. വിളിക്കുമ്പോഴെല്ലാം കരച്ചിലിന്റെ വക്കോളമെത്തുന്നുണ്ട് സംഭാഷണങ്ങൾ..പലപ്പോഴും ഞങ്ങൾക്ക് തമ്മിൽ എന്ത് പറയണമെന്നുപോലും അറിയുന്നില്ല... 

മൗനം കൊണ്ട് ഒരായിരം തവണ ഞങ്ങൾ പരസ്പരം മാപ്പ് പറഞ്ഞിട്ടുണ്ട്.. ഏതായാലും ഇന്ന് വരുമെന്ന് അവരോട് ഉറപ്പ് പറഞ്ഞതാണ്.. കാണാത്തതിലുള്ള ആവലാതിയാണ് ഇത്രയും കോളുകള്‍. ഇന്ന് വൈകീട്ടത്തെ ട്രെയിനിന് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫ്ലാറ്റിലെത്തിയതേയുള്ളു.. 

വല്ലതും കഴിച്ച് ക്ലിനിക്കിലേക്ക് ഇറങ്ങുകയാണ്.ഉച്ചക്ക് നേരത്തെ ക്ലിനിക്കിൽ നിന്നിറങ്ങണം. മോനെ സ്കൂളിൽ നിന്ന് കൂട്ടണം. പാക്കിങ് ബാക്കിയുണ്ട്. അതൂടെ കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷനിലേക്ക്.. പിന്നെ നാട്ടിലേക്ക്...... ആലോചിക്കുമ്പോൾ വല്ലാത്തൊരു കുളിർമയാണ്.. പെട്ടെന്ന് ഫോൺ പിന്നെയും റിങ് ചെയ്തു . ഉപ്പയാണ്...

"ഹലോ "

"മോളേ.. ഷാനീ...പോന്നിട്ടില്ലേ"

"ഇല്ലുപ്പാ..ഈവെനിംഗ് ആണ് ട്രെയിൻ.. ഉപ്പ ബേജാറാവണ്ട.. ഞങ്ങളങ്ങെത്തിക്കോളാ.."

"ആഹ് മോളേ.. ഇവിടിറങ്ങാറാവുമ്പോ വിളിക്കണേ.. ഞങ്ങൾ സ്റ്റേഷനിലേക്ക് വരാം.. മോനെ ശ്രദ്ധിക്ക് ട്ടോ "

"ആഹ്.. ശെരി ഉപ്പാ.. ഞാൻ വിളിക്കാം "

കോള്‍ കട്ട് ചെയ്യുമ്പോഴും   ചങ്കിലെന്തോ വല്ലാത്തൊരു ഭാരം... എന്തിനെന്നറിയാതെ നിറഞ്ഞൊഴുകുന്ന മിഴികളും.. എങ്കിലും അതിജീവനത്തിന്റെ പുഞ്ചിരി അപ്പോഴും ചുണ്ടിലങ്ങനെ മായാതെ നിൽക്കുന്നുണ്ടായിരുന്നു.

2011, മേയ് 20, വെള്ളിയാഴ്‌ച

മഞ്ഞ ബക്കന്‍

സ്ജൂളില്‍ നിന്ന്  വന്നു പുസ്തക സഞ്ചി വീട്ടീക്ക്  വലിച്ചെറിഞു ഗോട്ടി കളിക്കാന്‍  ഓടുമ്പോള്‍  പിന്നില്‍ നിന്നു കൊച്ചുത്താടെ വിളി..
"ഡാ ചെക്കാ നീ എങ്ങോട്ടാ ഈ പായുന്നത് ...? റേഷന്‍ പീടികയില്‍ നിന്നു ചാക്കെരിയും  , പഞ്ചാരയും  , മണ്ണെണ്ണയും വാങ്ങീട്ട്  വാടാ....... അല്ലെങ്കില്‍ ഉമ്മ പണികഴിഞു വന്നാല്‍  നല്ലതു കിട്ടിക്കോളും.... ഇവിടെ വെക്കാന്‍ ഒരു നാഴി  അരിപോലില്ല  "
റാഫിടെ കുപ്പീലുള്ള ആ കുന്നു  ഗോട്ടികള്‍   ഇന്നെങ്കിലും ലുടിക്കാം എന്ന ആഗ്രഹമാണ് അതോടെ തകര്‍ന്നത് , മാത്രമല്ല  സ്കൂളില്‍ വെച്ചു കുറെ നിര്‍ബന്ധിച്ചു   സോമന് 15 ഗോട്ടി കൊടുത്ത് പകരം  വാങ്ങിയ 'മഞ്ഞ ബക്കന്‍'   വെറുതെ ആയല്ലോ ..
.....ടര്‍ ടര്‍ ടര്‍ വണ്ടി ബ്രെയിക്ക് ചവിട്ടി വലത്തേക്കെടുത്ത് ..തിരിഞ്ഞു വീട്ടീക്ക് .....  ഉമ്മാടെ കമ്മ്യൂണിസ്റ്റ് പച്ച കൊണ്ടുള്ള   അടി  പേടിച്ചല്ല.... പിന്നെ .....സ്നേഹത്തോടെയുള്ള ചീത്ത എനിക്ക് ഭയങ്കര പേടിയാ ....എവടെ .? വെക്കം താ ..അല്ലെങ്കില്‍ ഞാന്‍ പോകൂലാട്ടാ കൊച്ചുത്താ ....
എന്റെ സ്വന്തം വാഹനമായ സൈക്കിള്‍ ടയര്‍ വണ്ടി എടുക്കാതെ, ഒരുകയ്യില്‍ ചില്ലറ നോട്ടുകള്‍ കൂട്ടിപ്പിടിച്ചു മണ്ണെണ്ണ ഡപ്പയും, വലിയ സഞ്ചിയുമായി പിന്നെ ഒറ്റ ഓട്ടം. ..ചെന്നു നിന്നതു ചുക്കുബസാറിലേ റേഷന്‍ മൊമ്മുട്ടിക്കാടെ കടയില്‍ ....
'ഇക്കാക്കു കുറെ പഠിക്കുവാനുണ്ടു ,അവന്‍ പത്തിലാ...ഇനി മുതല്‍ കടേക്കൊക്കെ  നീ പോകണം' എന്ന ഉമ്മാടെ  വാക്കുകള്‍ ഇക്കയിലുണ്ടാക്കിയ  സന്തോഷവും പിന്നെ എന്നെ കളിയാക്കിയതും കിതച്ചു കൊണ്ടു ആ നീണ്ട വരിയില്‍ നില്‍ക്കുമ്പോളും ഞാന്‍ ഓര്‍ത്തു.
നീണ്ട വരി ചുരുങ്ങി ചുരുങ്ങി എന്റെ അവസരമെത്തുമ്പോഴേക്കും നേരം ഇരുട്ടാന്‍ തുടങി. "രായം മരക്കാര്‍ പാത്തു"...എന്ത്യേയ് ചക്കരേ (വെല്ലിപ്പയെ വിളിക്കുന്ന പേര് ) ബേണ്ടെ..?   മൊമ്മുട്ടിക്കയുടെ ആ ചോദ്യത്തിന് .. 5 കിലൊ അരി, പഞ്ചാര , മണ്ണെണ്ണ , എന്റെ ഉറക്കെയുള്ള ഈ പറച്ചില്‍ എതിര്‍വശത്തെ ബാലേട്ടന്റെ ചായ പീടികയില്‍ പോലും മുഴങ്ങി.
പിന്നെ ഒരു പിടി പഞ്ചാര വായേക്കിട്ടു  കയ്യില്‍ പറ്റിപ്പിടിച്ച പഞ്ചാര നാവു കൊണ്ടു നുണയുമ്പോള്‍ പിന്നില്‍ നിന്നു മൊമ്മുട്ടിക്ക"കുറേശ്ശെ തിന്നെടാ ..കൊക്കപ്പുഴു വരും"
അരിയും , പഞ്ചാരയും  , മണ്ണെണ്ണയും വാങ്ങി  പുറത്തു കടക്കുമ്പോള്‍ ഒരു പിടി ഗോതമ്പെടുത്തു വായിലിടാനും മറന്നില്ല. ഞാനൊറ്റക്കു എങ്ങിനെ  ഇരുട്ടത്തു ഇതെല്ലാം കൂടീ കൊണ്ടുപോകും ..? എന്നു വിചാരിചു നില്‍ക്കുമ്പോള്‍ ...

ഇരുട്ടിനെ വകഞ്ഞു  മാറ്റി ടോര്‍ച്ചുമായി ഇക്ക പ്രത്യക്ഷപ്പെട്ടു, അപ്പോള്‍ എന്റെ മനസ്സിലും ആഹ്ളാദത്തിന്റെ ടോര്‍ച്ചു കത്തി .

2011, മേയ് 19, വ്യാഴാഴ്‌ച

കിന്നരിത്തൊപ്പി വെച്ച മാലാഖ

അവന്റെ   സ്വപ്നങ്ങളിലെന്നും  കിന്നരിത്തൊപ്പി വെച്ച  മുഖം  മറച്ച  ഒരു  മാലാഖ   പ്രത്യക്ഷപ്പെടാരുണ്ട്. അരുമയോടെ  നെറ്റിയിലോരുമ്മ  നല്‍കി  അപ്രത്യക്ഷമാകുന്ന സ്നേഹവതിയായ  മാലാഖ .
 ചുട്ടുപൊള്ളുന്ന  മണലാരണ്യത്തിലെ കഠിനമായ  ജോലിയും,  വിരസമായ  രാപ്പകലുകളും  കൊഴിഞ്ഞു പോകുന്ന ദിനങ്ങളില്‍ , എല്ലാത്തില്‍ നിന്നും  ആശ്വാസം കിട്ടിയിരുന്നത് സ്വപ്നത്തില്‍ മുഖം മറച്ചു വരുന്ന , ഒരിക്കല്‍ പോലും ഒന്നും ഉരിയിടാത്ത ആ  മാലാഖയുടെ സ്വാന്തന തലോടലായിരുന്നു  .....
 നാട്  ഒരോര്‍മ്മ  മാത്രമായി  എന്നും   മനസ്സിനെ  നോവിച്ചു ..  ഉറ്റവരെ  കാണാനുള്ള  മനസ്സിന്റെ   വിങ്ങല്‍  അടക്കാനാവാത്ത  ഒരു  രാത്രിയില്‍,   അവന്‍  തീരുമാനിച്ചു ...  തിരിച്ചു  വരാതിരിക്കാനായി  നാട്ടിലേക്കൊരു   യാത്ര ..!
  വീട്ടിലെ ദാരിദ്ര്യം, കല്യാണപ്രായം കഴിഞ്ഞ പെങ്ങന്മാര്‍ ,രോഗിയായ  ഉപ്പ, ചോര്‍ന്നൊലിക്കുന്ന  വീട് .. എല്ലാം  അവനെ  തളര്‍ത്തി .
 പക്ഷെ നാട്ടിലേക്ക്  മടങ്ങണമെന്ന  മോഹത്തിന്  ശക്തി  കൂടി  വന്നതേയുള്ളൂ...
 പിറ്റേന്ന്  ലേബര്‍ ക്യാമ്പിലേക്ക്  പണപ്പെട്ടിയുമായി  വന്ന  സൂപ്പെര്‍ വൈസറെ  കബളിപ്പിച്ചു   നോട്ട്  കെട്ടുകള്‍ അടങ്ങിയ   സ്യൂട്ട് കേസുമായി  റൂമിലെത്തി .
 ആര്‍ക്കും  സംശയം  തോന്നാത്ത  രീതിയില്‍  നാട്ടിലേക്കൊരു  യാത്ര  അറെഞ്ച്   ചെയ്തു .
പിടിക്കപെടും  മുന്‍പ്  പുറപ്പെടണം ....!!
കിടന്നിട്ടുറക്കം  വരുന്നില്ല ... തിരിഞ്ഞും  മറിഞ്ഞും  കിടന്നു . മയക്കത്തിനിടയില്‍  കിന്നരിത്തൊപ്പി വെച്ച മാലാഖ വീണ്ടും  അവനെ  തേടിയെത്തി .
" ആരുടെയാ മോനെ  ആ  പണം..?  തിരിച്ചു  കൊടുക്കൂ ... ഇങ്ങനെയാവാനല്ലല്ലോ  ഉമ്മ  കഷ്ട്ടപ്പെട്ട്  മോനെ   വളര്‍ത്തിയത് .അല്ലാഹു     നിനക്കൊരു  വഴി  കാണിച്ചുതരും ..."
ഉമ്മാ ......ഉമ്മാ.........
 അവന്‍  ഞെട്ടിയുണര്‍ന്നു .. മുഖം  തരാതെ  സ്വപ്നത്തില്‍  വന്നെന്നെ  ആശ്വസിപ്പിചിരുന്നത്  ... സ്നേഹിച്ചു കൊതി തീരും മുന്‍പ് തനിക്കു നഷ്ടപ്പെട്ട എല്ലാമെല്ലാമായ  എന്റെ  ഉമ്മയായിരുന്നോ ..?
 പിറ്റേന്ന്
 പണം  തിരിച്ചു  നല്‍കി  മാപ്പുപറഞ്ഞു  തിരികെ  പോരുമ്പോള്‍ .. ആകാശത്ത്  നിന്ന്  കിന്നരിത്തൊപ്പി വെച്ച ഒരു മാലാഖ  പുഞ്ചിരിക്കുന്നതായി   അവനു  തോന്നി ....

                (സമര്‍പ്പിക്കുന്നത്  : എന്റെ എല്ലാമെല്ലാമായ ഉമ്മാക്ക് )