Powered By Blogger

2011, ജൂൺ 8, ബുധനാഴ്‌ച

ഒരു സന്ധ്യാ നേരത്ത് അണഞ്ഞ ദീപം

ഈയിടെയായി ശരീരത്തിനു വല്ലാത്ത ക്ഷീണം . മനസ്സിന്റെ വിങ്ങല്‍ ശരീരത്തെയും
ബാധിച്ചു തുടങ്ങിയോ ..? ജീവിതത്തിലെ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണോ ..? ഇന്നലെ ഡോക്ടറുടെ സംസാരം കേട്ടപ്പോള്‍ അങ്ങിനെയാണ് തോന്നിയത് . ജയേട്ടന്റെ മുഖത്തും നിരാശയുടെ മിന്നലുകള്‍ കണ്ടു . എട്ടന് അമ്പതും  എനിക്ക് നാല്പത്തിരണ്ടും  വയസ്സായി . എന്നിട്ടും ഒരു കുഞ്ഞിനു വേണ്ടിയുള്ള മോഹം ശമിക്കുന്നില്ല . പ്രാര്‍ത്ഥിക്കൂ .....എന്ന ഡോക്ടറുടെ സംസാരത്തിലും എന്തോ ഒരു അപാകത . മരുന്നുകള്‍ ഫലിചില്ലെന്നോ ..?
വീട്ടിലേക്കുള്ള യാത്രയിലും ജയേട്ടന്‍ ഒന്നും സംസാരിച്ചില്ല . എന്നുമില്ലാത്ത സ്പീടിലായിരുന്നു വണ്ടി ഓടിച്ചതും .ഞാന്‍  നിര്‍വ്വികാരിയായി  പുറത്തേക്കു നോക്കിയിരുന്നു . റോഡരികിലൂടെ കുഞ്ഞിനേയും മാറത്തടക്കി സാവധാനം നടന്നു പോകുന്ന സ്ത്രീയെ കണ്ടപ്പോള്‍ എന്തോ ..അറിയാതെ കണ്ണ് നിറഞ്ഞുപോയി . സ്കൂളിലെ ജോലി കൂടി ഇല്ലായിരുന്നെങ്കില്‍ പണ്ടേ ഭ്രാന്തു പിടിച്ചേനെ ...! ഒരു കുഞ്ഞിനെ താലോലിക്കാനുള്ള ഈ മനസ്സാകാം ..കുട്ടികള്‍ക്ക് ഞാന്‍ പ്രിയപ്പെട്ട ടീച്ചരായത് .
"നമുക്കെന്തിനാ ഹിമേ കുട്ടികള്‍ ..? എന്റെ കുട്ടി നീയും ...നിന്റെ കുട്ടി ഞാനുമല്ലേ " ..? പലപ്പോഴും അങ്ങിനെ പറഞ്ഞു മനസ്സിലെ സങ്കടങ്ങള്‍ കഴുകിക്കളയുന്ന എപ്പോഴും  ഊര്‍ജ്ജസ്വലതയോടെ മാത്രം സംസാരിക്കുന്ന ജയേട്ടന്‍ അകലേക്ക്‌ നോക്കി വണ്ടി ഓടിക്കുന്നു ....ചേട്ടന്റെ മനസ്സിലും  പ്രതീക്ഷയുടെ നാളങ്ങള്‍ കെട്ടു പോയോ ..? അതാണോ ഈ മൌനം ..?
വീടെത്തിയതറിഞ്ഞില്ല ...പതിവ് പോലെ ജയേട്ടന്‍ ടി വി യുടെ മുന്നിലേക്കും ഞാന്‍ പുസ്തകങ്ങളുടെ ലോകത്തേക്കും ....
ഉറക്കം വന്നു തുടങ്ങിയപ്പോഴാണ് സമയം പോയതറിഞ്ഞത്.
എല്ലാം കഴിഞ്ഞു കിടക്കാന്‍ വന്നപ്പോഴും ക്ഷീണം വിട്ടുമാറുന്നില്ല .  മനസ്സിപ്പോഴും  ഒരു താരാട്ട് പാട്ട് പാടാന്‍ കൊതിക്കുന്നു .
" എത്ര നാളായി പറയുന്നു ...സഹായത്തിനു ഒരു സ്ത്രീയെ കൊണ്ടു തരാന്‍ . ഈ വലിയ വീട് വ്യത്തിയാക്കാനും മറ്റു ജോലികളും , സ്കൂളും , യാത്രയും എല്ലാം കൂടി പറ്റുന്നില്ല ജയെട്ടാ ... എന്റെ മനസ്സ് മാത്രമല്ല ശരീരവും തളര്‍ന്നു തുടങ്ങി ".
 എന്താ ഹിമേ ഇത്  ..? നിനക്ക് ഒണ്‍ലി ട്വെന്റി ഫൈവ് ...എന്നിട്ടും .......
കളിയാക്കാതെ  ജയെട്ടാ ...ഈയിടെയായി തീരെ വയ്യ .
എട്ടനത് ഗൌരവത്തിലെടുതെന്നു തോന്നുന്നു ...
പിറ്റേന്ന് ഓഫീസില്‍ നിന്നു നേരത്തെ വന്നു . "ഹിമേ..., നാളെ മുതല്‍ നിനക്ക് സഹായത്തിനൊരു സ്ത്രീ വരാന്നേറ്റിട്ടുണ്ട് . അവരുടെ മകള്‍ക്ക് എന്തോ അസുഖമാണ് പോലും . അതിനെ ചികിത്സിക്കാന്‍ പണം വേണം .പ്യൂണ്‍  ശശിയാ എല്ലാം ശരിയാക്കിയത് . ശമ്പളം കൂടാതെ അവര്‍ക്കെന്തിങ്കിലും കൂടുതല്‍ കൊടുക്കണം . അത് പ്രത്യേകം പറയേണ്ടല്ലോ ..? നീ ദാനശീലയല്ലേ ... പിന്നെ മോളെ ,കാപ്പി ഫ്ലാസ്കിലുണ്ട് കേട്ടോ ."
"ഓ ..ഇന്ന് കാക്ക മലര്‍ന്നു പറക്കും . എനിക്കുള്ള കാപ്പിയും ഉണ്ടാക്കിയോ ..? "
കാക്ക പറന്നാലും... സാരല്ല്യ . നീ പറന്നു പോകാതിരുന്നാല്‍ മതി
ദേ ..ജയെട്ടാ ........
നാളെ മുതല്‍ ആ ജോലിക്കാരി  ഉണ്ടല്ലോ ....ഇനി വായക്കു രുചിയുള്ള വല്ലതും കഴിക്കാം ..
അല്ലേ ഹിമേ ..?
പിന്നേ..എട്ടനെക്കാള്‍ മുന്‍പേ പോകുന്ന വയറു ആരു കണ്ടാലും പറയും ..ഇത്രനാളും വായക്കു രുചിയുള്ളതല്ല കഴിചിരുന്നതെന്ന് ...
ഒന്ന് പതുക്കെ ചിരിക്കെന്റെട്ടാ ...വയറു  കുലുക്കിയുള്ള ചിരി കണ്ടപ്പോള്‍ ..കുറെ നാളുകള്‍ക്കു ശേഷം ഞാനും മനസ്സറിഞ്ഞു  അറിയാതെ ചിരിച്ചു പോയി ....
ആ ജോലിക്കാരിയുടെ ഭര്‍ത്താവ് രണ്ടുമാസം മുന്‍പ് ആക്സിടന്റില്‍ മരണപ്പെട്ടു പോയെന്നാ ശശി  പറഞ്ഞത് . പാവങ്ങളാ ..
അത് കേട്ടപ്പോള്‍ വല്ലാത്ത ദുഖം തോന്നി . എന്തായാലും വരട്ടെ ...എന്തെങ്കിലും സഹായം നമുക്ക് ചെയ്യാം . ഇതൊക്കെയല്ലേ ജീവിതത്തില്‍ സംതൃപ്തി തരുന്ന കാര്യങ്ങള്‍ .അനുഭവിക്കാന്‍ ആരുമില്ലാത്ത ഈ സ്വത്തൊക്കെ ഇങ്ങനെ കൂട്ടിവെച്ചിട്ടെന്തു കാര്യം ..? അവരുടെ മകള്‍ രക്ഷപ്പെടുമെങ്കില്‍ അതല്ലേ പുണ്യം .
രാവിലെ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത് . ഡോര്‍ തുറന്നപ്പോള്‍ ഒരു സ്ത്രീയും മൂന്നു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞും . എവിടെയോ കണ്ടു മറന്ന മുഖം .
ഞാന്‍ രജനി ...ജോലിക്കായി ..വരാന്‍ പറഞ്ഞിരു .........അവര്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി .
വരൂ ...ഉദ്ദേശിച്ചതിലും  കൂടുതല്‍ പ്രായം തോന്നിക്കുന്നതിനാല്‍ ചോദിച്ചു .
"ഈ കുട്ടി ..? "
എന്റെ മോളുടെതാണ് ചേച്ചീ  ..... മോള്‍ക്ക്‌  ക്യാന്‍സര്‍ ആണെന്ന് അമല ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞന്നു കെട്ട്യോന്‍ വീട്ടില്‍ കൊണ്ടു വിട്ടതാ ..അവളെയും ഈ കുഞ്ഞിനേയും . പിന്നെയവന്‍ തിരിഞ്ഞു നോക്കിയിട്ടില്ല . എന്റെ തലവിധി ...!
നല്ല ഓമനത്തമുള്ള പെണ്‍കുട്ടി . അവളെന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു . അവളുടെ പഴകി നിറംകെട്ട ഉടുപ്പിലും മെലിഞ്ഞ ശരീരത്തിലും , പാറിപ്പറക്കുന്ന മുടിയിഴകളിലും ദാരിദ്രത്തിന്റെ നിഴലാട്ടം .
വളരെ വ്യത്തിയായും അടുക്കും ചിട്ടയോടും കൂടി  ജോലികളെല്ലാം തീര്‍ത്തു. ശനി , ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം വരെ നില്‍ക്കാമെന്നും പറഞ്ഞു അവര്‍ പോയി . കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോള്‍ ഞങ്ങളുമായി നന്നായി അടുത്തു. സോമേട്ടനും അവളെ ഒത്തിരി ഇഷ്ടായി . നിഷ്കളങ്കമായ ചിരിയും സംസാരവും വീട്ടില്‍ എല്ലായിടത്തും ഓടി നടക്കാനുള്ള സ്വാതന്ത്രവും അവള്‍ സ്ഥാപിച്ചെടുത്തു .
സ്കൂളിനടുത്തുള്ള കടയില്‍ നിന്നു അവള്‍ക്കായ് ഉടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി . "ഇതാര്‍ക്ക് ദാനം കൊടുക്കാനാ ടീച്ചറെ" പരിചയമുള്ള ആ കടക്കാരന്റെ ചോദ്യത്തിനു അയാളെ തറപ്പിച്ചൊന്നു നോക്കിയതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല .
കളിപ്പാട്ടം കിട്ടിയപ്പോള്‍ മോളുടെ മുഖത്ത് നിലാവുദിച്ചു . " ഈ ഉടുപ്പെല്ലാം എനിക്കാണോ അമ്മേ " ..? അമ്മേ എന്നുള്ള ആ വിളി കേട്ടപ്പോള്‍ ശരീരം കോരിത്തരിച്ചു പോയി .
അങ്ങോട്ട്‌ വന്ന രജനി എന്നോടായി .."അവളെല്ലാരേം അമ്മെന്നാ വിളിക്കുക . "
ദൈവമേ ഇങ്ങനെ വിളിക്കാന്‍ ഞങ്ങള്‍ക്ക് നീയൊരു മോളെ തന്നില്ലല്ലോ ..?
ജയേട്ടന്‍ മിഠായിയും ബിസ്കറ്റുകളും  മോള്‍ക്കായി വാങ്ങിക്കൊണ്ടുവരും .പിന്നേ  അവളോടൊത്താ  കളിയും ചിരിയും . വീടിനൊരു ഉണര്‍വ്വ് വന്നു . വീട്ടിലെ ഒരംഗത്തെപ്പോലെയായി അവള്‍ . ഇതെല്ലാം കാണുമ്പോള്‍ മാറി നിന്നു ഞാന്‍ കണ്ണ് തുടയ്ക്കും .
ദിവസങ്ങള്‍ എത്ര വേഗമാണ് പൊയ്ക്കൊണ്ടിരുന്നത് . പ്രതീക്ഷിച്ചതിലും വലിയൊരു തുക കയ്യില്‍ വെച്ചു കൊടുത്തപ്പോള്‍ രജനിയുടെ കണ്ണു നിറഞ്ഞു . " മോളെ കൊണ്ടു പോയി നല്ലൊരു
ഡോക്ടറെ കാണിക്കൂ  ..."
"ചേച്ചീ ...ഇനി ഏറിയാല്‍ ആറുമാസം കൂടിയേ എന്റെ മോള്‍ ...."ഗദ്ഗദം വാക്കുകളെ വിഴുങ്ങി .കൂടെ രണ്ടിറ്റു കണ്ണുനീരും അടര്‍ന്നു വീണു .
"കരയാതെ ...ദുഖങ്ങളും ദുരന്തങ്ങളും ജീവിതത്തില്‍ ഇല്ലാത്തവര്‍ ആരുമില്ല ...എല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങള്‍   . എല്ലാം ദൈവത്തില്‍ അര്‍പ്പിക്കൂ .....ശരിയാകും "
ചേച്ചിയെ കുറിച്ച് കുഞ്ഞ് പറയുന്നത് കേട്ടു .. കാണണമെന്ന് മോളെപ്പോഴും പറയും ...ഒരു ദിവസം ഞാനിങ്ങോട്ട്‌ കൊണ്ടുവരാം അവളെ .....
വേണ്ട ....ഞാനങ്ങു വന്നു കണ്ടോളാം ...
പാവം രജനി . പേര് പോലെ അവളുടെ ജീവിതവും ഇരുട്ട് നിറഞ്ഞതായല്ലോ. സ്കൂളിലെ പരീക്ഷയുടെ തിരക്കുകള്‍ക്കിടയിലും രജനിയുടെ ദയനീയ മുഖം മനസ്സില്‍ നീറ്റലുണ്ടാക്കി .
എന്തോ മൂന്നാല് ദിവസമായി ജോലിക്കാരിയെ കാണാനില്ല . എനിക്കാണെങ്കില്‍ മോളെ കാണാതെ എന്തോ വല്ലായ്മ പോലെ ..
മോള്‍ക്ക്‌ അസുഖം ഇത്തിരി കൂടി അതാ മൂന്നു ദിവസം വരാതിരുന്നതെന്ന അവരുടെ ദയനീയമായ  മറുപടിക്ക് ഞാന്‍ കുഞ്ഞിനെ എടുത്തു മാറോടു ചേര്‍ത്തു.
ചേച്ചീ ..കുറച്ചു രൂപ വേണം ..... മോളെ നല്ലൊരു ഡോക്ടറെ കാണിക്കാനാ ....
പിറ്റേന്ന് ..ക്ലാസ് വിട്ട ഉടന്‍  ജോലിക്കാരി രജനിയുടെ വീട്ടിലോട്ടു പോയി ...
വീടുകണ്ടപ്പോഴേ അവരുടെ വിഷമതകള്‍ എനിക്ക്  ബോധ്യപ്പെട്ടു ...
രജനിയില്ലേ ഇവിടെ ..?
ആരാ ..?
അകത്തു നിന്നുള്ള ആ പതറിയ ശബ്ദം ആരുടെതെന്ന്  ഞാന്‍ ഊഹിച്ചു  ..ഹായ് അമ്മേം അച്ഛനും എന്നും പറഞ്ഞു മോള്‍ എന്റെടുത്തെക്ക് ഒരു ചിത്രശലഭത്തെ പോലെ പാറി  വന്നു .
അകത്തേക്ക് കടന്നു ചെന്നപ്പോള്‍ കട്ടിലില്‍ കിടന്നിരുന്ന ഒരു പേക്കോലം എനിക്ക് നേരെ തിരിഞ്ഞു . ക്യാന്‍സര്‍ കാര്‍ന്നു തിന്നു, മുടിയെല്ലാം കൊഴിഞ്ഞു എല്ലും തോലുമായ ആ ശരീരം കണ്ടു വേദന തോന്നി . എന്നാലും അടുത്തിരുന്നു അസുഖത്തെ കുറിച്ചും ട്രീറ്റ്മെന്റിനെ കുറിച്ചുമൊക്കെ ചോദിച്ചു . പ്രതീക്ഷ അസ്തമിച്ച മറുപടിയും മൂളലുമായിരുന്നു  കിട്ടിയത് . മോളപ്പോഴും ഞങ്ങള്‍ കൊടുത്ത 'മില്കിബാര്‍' കിട്ടിയ സന്തോഷത്തില്‍ അവിടെ ഓടി നടക്കുകയാണ് . എന്തോ വല്ലാത്തോരാത്മ ബന്ധം ഞങ്ങള്‍ക്കുണ്ടായി .
അമ്മ എവിടെ പോയതാ ..?
തെക്കേലെ മൌതുക്കാടെ വീട്ടീക്ക് പോയിരിക്ക്യാ ..കുറച്ചു ഓല മൊടഞ്ഞു കൊടുക്കാനുണ്ടേ...ഇപ്പോള്‍ വരും
മോളെ ഞാന്‍ എന്റെ സ്കൂളില്‍ ചേര്‍ത്തട്ടെ ..? ദിവസവും ഞാന്‍ കൊണ്ടരേം കൊണ്ടോകേം ചെയ്തോളാം . അവളെന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു . ഹിമേ ....എന്നും നിന്റെ ഔദാര്യം പറ്റാന്‍ ആണല്ലോ എന്റെ വിധി .... !
ദൈവമേ ....  സന്ധ്യയല്ലേ ഇത് ..? എന്റെ കൂടെ പഠിച്ചിരുന്ന , ഒരു  പാത്രത്തില്‍ നിന്നു ഭക്ഷണം കഴിച്ചിരുന്ന  എന്റെ സന്ധ്യ . ക്ലാസില്‍ ഒരു സന്ധ്യാദീപം പോലെ പ്രകാശിച്ചിരുന്ന അവളെ മനസ്സിലായപ്പോള്‍ ഞാനാ കട്ടിലിലേക്ക് ചാഞ്ഞു .
ഞങ്ങള്‍ പരസ്പരം  കെട്ടിപ്പിടിച്ചു പൊട്ടിപ്പൊട്ടി കരയാന്‍ തുടങ്ങി . എന്നെ അസൂയപ്പെടുതിയിരുന്ന മുട്ടോളം മുടിയുണ്ടായിരുന്ന സ്ഥാനത്ത്   ഇന്ന് പേരിനു ഒരു മുടി പോലുമില്ല . ആ  തലയില്‍  തലോടുന്തോറും എന്റെ സങ്കടം വിങ്ങിപ്പൊട്ടി . 
എനിക്ക് നിന്നെ മനസ്സിലാകാതെ പോയല്ലോ മോളെ  ...
എന്നെ മനസ്സിലായിട്ടും നീ എന്താ .......
ഹിമേ ...ഇനിയും നിന്നെ ബുദ്ധിമുട്ടിക്കേണ്ടന്നു വെച്ചാ...അതെനിക്ക് ഇഷ്ടല്ല ...
എന്നാലും സന്ധ്യാ ...നീയെന്നെ മനസ്സിലാക്കിയില്ലല്ലോ ...
മണിക്കൂറുകളോളം സംസാരിച്ചതിന് ശേഷം തിരിച്ചു പോരുമ്പോള്‍ , അവളുടെ എതിര്‍പ്പ് വകവെക്കാതെ കുറച്ചു നോട്ടുകള്‍ അവളുടെ കയ്യില്‍ വെച്ചു കൊടുക്കാനും മറന്നില്ല ..

ദിവസങ്ങള്‍ എത്ര പെട്ടെന്നാ ഓടിയോളിക്കുന്നത് .. മോളെ പഠിപ്പിക്കാനും ഒരുക്കാനും കൊഞ്ചിക്കാനും സമയം തികയാത്ത പോലെ ..
വൈകീട്ട് ജയേട്ടന്‍ നേരത്തെ വന്നു .....ഹിമേ ...പെട്ടെന്ന് റെഡിയാവ് . നിന്റെ സന്ധ്യാടെ വീട്ടില്‍ പോകണം  . അവള്‍ക്കു പനി കൂടുതലാണെന്നോ മരിച്ചെന്നോ മറ്റോ.... ശശി  ഇപ്പോഴാ വിളിച്ചു പറഞ്ഞത് .
കേട്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം ഞാന്‍ അവിടെ തരിച്ചു  നിന്നു പോയി .

അപ്പോഴാണ്‌ പുഞ്ചിരിച്ചു കൊണ്ടു തന്റെ ബെഡ്ഡില്‍ കിടന്നുറങ്ങുന്ന മോളെ ജയേട്ടന്‍ കാണുന്നത്  . എന്താ ഹിമാ ഇത് ..? മരണം എല്ലാവര്ക്കും ഉള്ളതല്ലേ ..? വേദന തിന്നുന്നതിന് മുന്‍പേ അവളെ ദൈവം തിരിച്ചു വിളിച്ചല്ലോ എന്ന് കരുതി സമാധാനിക്കൂ .. നീ വേഗം ഡ്രെസ്സുമാറി മോളെയുടുത്തുവാ..
കത്തുന്ന ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും മണം, വെള്ള പുതച്ച  സന്ധ്യയുടെ മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി . പാറിപ്പറന്ന മുടിയുമായി എന്നും ക്ലാസില്‍ വൈകി വരാറുള്ള , കണക്കില്‍ അമ്പതില്‍ അമ്പത് വാങ്ങുന്ന , പാട്ട് പാടുന്ന , തന്നോടുമാത്രം കൂട്ടുകൂടിയിരുന്ന  അവളോടെനിക്ക് സ്നേഹവും സഹതാപവുമായിരുന്നു . എന്നാലും ഒരു വാക്ക് മിണ്ടാതെ നീ പോയല്ലോ എന്റെ കൂട്ടുകാരീ ....
ഒന്നുമറിയാതെ മോളപ്പോഴും എന്റെ തോളില്‍ കിടന്നു നല്ല ഉറക്കമായിരുന്നു .