Powered By Blogger

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

വെന്മേനാടിന്റെ സ്വന്തം കുമാരേട്ടന്‍

" ഡും ...ഡും "
വളരെ സന്തോഷത്തോടെ ഉത്സവ പറമ്പിലോട്ടു കാലെടുത്തു വെയ്ക്കുന്ന സമത്താണ് പെട്ടെന്ന് കതിന പൊട്ടുക . അപ്രതീക്ഷിതമായി കേട്ട ആ ശബ്ദത്തില്‍ നാമൊന്നു പതറാതിരിക്കില്ല .
ഇത് കുമാരേട്ടന്‍ , താമി കുമാരന്‍ എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടിലുള്ള (വെന്മേനാട്) ഒരുവിധം എല്ലാവരും അറിയും . വയസ്സ് 65 കഴിഞ്ഞു . ഇന്നും ചുറു ചുറുക്കോടെ ഉത്സവ പറമ്പുകളില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക്  കതിനയുടെ ശബ്ദത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും . വിഷുവിനും , പെരുന്നാളിനും പടക്കം പൊട്ടിക്കുന്ന പോലെ കതിനയും ഉത്സവത്തിനു ഇടയ്ക്കിടയ്ക്ക് പൊട്ടിക്കാമെന്നായിരുന്നു ഞാനാദ്യമൊക്കെ വിചാരിച്ചിരുന്നത് . എന്നാല്‍ കഴിഞ്ഞ വെക്കേഷന്‍ സമയത്ത് മൂക്കോല ഉത്സവത്തിനു പോയപ്പോള്‍ കുമാരേട്ടന്റെ അടുത്ത് പോയി സംശയം ചോദിച്ചു .വാദ്യത്തിന്റെ താളമുറുക്കത്തിനു അനുസരിച്ചാണ് കതിന പൊട്ടിക്കുക്ക എന്ന് കുമാരേട്ടന്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ എനിക്കതൊരു പുതിയ അറിവായിരുന്നു . പലപ്പോഴും ഉത്സവത്തിനു പുള്ളിക്കാരന്‍ കതിനയില്‍ മരുന്ന് നിറക്കുന്നതും, അത് പൊട്ടിക്കുന്നതും നോക്കി നിന്നിട്ടുണ്ട് . ഈ മേഖലയിലോട്ടു ഇന്നാരും കടന്നു വരുന്നില്ല .എന്തിനു വാദ്യം പോലും ഇന്നാര്‍ക്കും കേള്‍ക്കാന്‍ താല്പര്യമില്ല . എല്ലാവരും ശിങ്കാരി മേളത്തിന്റെ പിറകെയാണെന്നും പറഞ്ഞു കുറെ നേരം ആ ചൂട്ടും വീശിപ്പിടിച്ചു  എന്നോട് സംസാരിച്ചു . വാദ്യം അറിയുന്നവനു മാത്രമേ ഈ ജോലി ചെയ്യാന്‍ പറ്റൂ .ഉത്സവ സീസന്‍ ആയിക്കഴിഞ്ഞാല്‍ ചെണ്ടകൊട്ട് , കതിന പൊട്ടിക്കല്‍ തുടങ്ങിയ ജോലിക്ക് പോകും അല്ലാത്തപ്പോള്‍ പുര മേയാന്‍ പോകും . ജീവിക്കേണ്ട മോനെ ..? എളുപ്പമില്ല ഈ മരുന്നും , കതിനയും താങ്ങി നടക്കാന്‍ ........
ഇതെല്ലാം പറഞ്ഞു വളരെ ലാഘവത്തോടെ മരുന്ന് നിറച്ച കതിനയെടുത്ത് അദ്ദേഹം പോയി .......... അപ്പോഴേക്കും അവിടെ താളം മുറുകിയിരുന്നു .